Monday, January 16, 2012

ഞങ്ങള്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് സാബു ഷണ്മുഖം പ്രതികരിച്ചത് 
സാബു ഷണ്മുഖം 

സച്ചിദാനന്ദന്‍ 
പ്രിയപ്പെട്ട ഷാജി അമ്പലത്ത്,ഓരോ തവണയും എഴുതാമെന്നു വിചാരിക്കും.അതുകൊണ്ടു തന്നെ എഴുതാമെന്നു പറഞ്ഞത് വാക്ക് തെറ്റിക്കാനായിരുന്നുമില്ല.എന്നേക്കാള്‍ അര്‍ഹതയുള്ളര്‍ ഏറെപ്പേര്‍ ഉണ്ടല്ലോ.തികച്ചും സംഗതമല്ലാത്ത ഒരു കാര്യം എന്തിന് ചെയ്യണം എന്ന തോന്നലാണ് എന്നെ ഓരോ തവണയും പിന്തിരിപ്പിച്ചത്.കവിയെന്ന നിലയിലോ കാവ്യസ്വാദകനെന്ന നിലയിലോ എനിക്ക് ഒരു പ്രസക്തിയുമില്ല..പുതിയകവിതയെക്കുറിച്ച് പറയാനുള്ള അറിവുമില്ല.പുതിയകവിതയെ പുതിയ കവികള്‍ കൊണ്ട് പൊയ്ക്കൊള്ളും .അതിനു സച്ചിദാനന്തന്റെയോ ശങ്കരപ്പിള്ളയുടെയോ(ഈ അടുത്ത കാലത്ത് മലയാളത്തില്‍ ഏറ്റവും മോശം കവിതകളെഴുതുന്ന നാലു കവികള്‍ സച്ചിദാനന്തനും ,ഓ.എന്‍.വി.യും ബാലചന്ദ്രന്‍ ചുള്ളിക്കാക്കാടും ,ശങ്കരപ്പിളയുമാണ്. അവരുടേത് പരാജയപ്പെടുന്നകാവ്യമാതൃകകളും കൂടിയാണ് ) ഔദാര്യമോ ഓശാരമോ വേണ്ട.തൊണ്ണൂറുകളില്‍ തുടങിയ ,ഇന്നും പുതിയ കവികള്‍ എന്നു വിളിക്കപ്പെടുന്ന ,മാധ്യമങ്ങള്‍ വാഴ്ത്തുന്ന,ആചാര്യന്മാര്‍ കൊണ്ടാടുന്ന കവികള്‍ എന്നേ പഴയ കവികളായിക്കഴിഞ്ഞു(അപവാദങ്ങള്‍ അപൂര്‍വം.).സൂപ്പര്‍ സ്റ്റാറുകളെപ്പോലെ നരച്ച വാക്കുകളിലും ഏഴുത്തുരീതികളിലും ഡൈയടിച്ച് , പലവിധ തന്ത്രങ്ങള്‍ പയറ്റി, അവര്‍ പിടിച്ചുനില്‍ക്കാനുള്ള തത്രപ്പാടുകളിലാണ്.എഴുതുന്ന ഓരോ കവിതയിലും അവര്‍ തോറ്റുകൊണ്ടിരിക്കുന്നു.രണ്ടായിരത്തിന് ശേഷം മലയാളകവിതയില്‍ സംഭവിച്ച ഷിഫ്റ്റ് ഇനിയും വേണ്ട വിധം മനസ്സിലാക്കപ്പെട്ടിട്ടില്ല.നാമിപ്പോഴും തൊണ്ണൂറുകളെ സ്തുതിച്ചു കൊണ്ടിരിക്കുന്നു.ഇപ്പോള്‍ സമീപകാല കവികളിലും കവിതകളിലും പ്രത്യക്ഷപ്പെടുന്ന സൂക്ഷസൂചനകള്‍ തിരിച്ചറിയുമ്പോഴായിരിക്കും പുതിയ വായനക്കാരനും പുതിയ നിരൂപകനും ഭാവിയില്‍ രൂപപ്പെടുക.പുതിയകവിതയെ കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ തികച്ചും അപ്രസ്ക്‍തനായ എന്നെ സദയം പങ്കെടുപ്പികാനാഗ്രഹിച്ച ഷാജിയുടെ സന്‍മനസിന് നന്ദി.ഇത് വായിക്കുക .വലിച്ചെറിയുക.
..........................................................
1.       ഈ കാലത്ത് ഒരു കവിയായി ജീവിക്കേണ്ടി വരുന്നതിലെ വ്യഥകള്‍ ,ആനന്ദങ്ങള്‍ , ആത്മാഭിമാനം എന്നിവ പങ്കുവെക്കാമോ ?

പി .എന്‍ .ഗോപികൃഷ്ണന്‍ 
പി .എന്‍ .ഗോപികൃഷ്ണന്‍ :- കവിയ്ക്ക് മറ്റുള്ള മനുഷ്യരില്‍നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രത്യേകത അനുവദിച്ചുകിട്ടണമെന്ന് ഇന്ന് ആത്മബോധമുള്ള ഒരു കവിയും വിചാരിക്കില്ല. തലയ്ക്കു ചുറ്റും പ്രഭാവലയമുള്ള കവി ഒരു റൊമാന്റിക് സങ്കല്പനമാണ്. 'കണ്ടാല്‍ കോണ്‍സ്റബിളിനെപ്പോലെ ഇരുന്നാല്‍ മതി' എന്ന് അന്തരിച്ച ചരിത്രകാരന്‍ മുരളീധരന്‍. വ്യഥകളും ആനന്ദങ്ങളും ആത്മാഭിമാനവും തീര്‍ച്ചയായും 'കാവ്യവിഷയ'ങ്ങളാണ്. എന്നാല്‍ അവ കാവ്യവിഷയങ്ങളാകുന്നത് മനുഷ്യത്വം എന്ന മഹാസങ്കല്പനത്തിനകത്തുവച്ചാണ്. ആനന്ദവും ആത്മാഭിമാനവും ഭൂരിപക്ഷത്തിന് അന്യമായിക്കൊണ്ടിരിക്കുകയും ചിലര്‍ക്ക് മാത്രം പ്രാപ്യമാവുകയും ചെയ്യുന്ന ഒരിടമാണ് ഇന്നത്തെ ലോകവ്യവസ്ഥ. എല്ലാം കാണുന്ന കണ്ണുകളുള്ള കവിതയ്ക്ക് ആ പ്രാഥമികതയെ നിരാകരിച്ച് വാഗ്ലീലയില്‍ മുഴുകാനാകില്ല. സ്ബിഗ്ന്യു ഹെര്‍ബര്‍ട്ടിന്റെ കവിതയില്‍ തോക്കെടുക്കാന്‍ കഴിയാത്തതുകൊണ്ട് പോര് രേഖപ്പെടുത്തുന്ന കവിയായി എന്ന് പറയുന്നുണ്ട്. കവിയുടെ കുറവായിട്ടല്ല അതിനെ വായിക്കേണ്ടത്. കഴിവായിട്ടാണ്. നമ്മുടെയൊക്കെ തുച്ഛജീവിതംകൊണ്ട് കവിതയെ അളക്കാന്‍ നിന്നാല്‍ അതില്‍പ്പരം നിന്ദ കവിതയ്ക്ക് നല്‍കാനാവില്ല. നേരെമറിച്ച് കവിതകൊണ്ടാണ് ജീവിതത്തെ അളക്കേണ്ടത്. ഒരു രാജ്യവും അതിന്റെ കവിതയേക്കാള്‍ ചെറുതാകരുത് എന്ന് മഹ്മൂദ് ദാര്‍വിഷ്. നിര്‍ഭാഗ്യവശാല്‍ ഇന്നേത് ഭരണസമ്പ്രദായവും കവിതയേക്കാള്‍ എത്രയോ ചെറുത്.
കവിയായിരിക്കുക എന്ന ആത്മാഭിമാനം എന്തെങ്കിലും ആയിരിക്കുക എന്ന മനുഷ്യാഭിമാനംപോലെ അനുഭവിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കവിതയുടെ പേരിലല്ല, കവിയായിരിക്കേണ്ടത് എന്ന് അറിയുന്നുമുണ്ട്.

എല്‍ .തോമസ്‌ കുട്ടി :- എന്നെ സംബന്ധിച്ചും കവിതയെഴുതുകയെന്നത് അദമ്യമായൊരു ആന്തരികആവശ്യമാകുന്നു. വ്യഥകളും ആനന്ദങ്ങളും ആത്മാഭിമാനംപോലും കാവ്യബാഹ്യമായ തുച്ഛ ങ്ങളായ ചില സംഗതികള്‍മാത്രം!

രോഷ്നി സ്വപ്ന :-.മറ്റുള്ളവര്‍ പറയുന്നു ''ഞാന്‍ ജീവിച്ചിരിപ്പുണ്ട് ' എന്ന്.പക്ഷെ എനിക്ക് അങ്ങനെ തോന്നുന്നത് ,കവിത എന്റെ ഒപ്പം നില്ല്കുംപോഴോ ,ഞാന്‍ കവിതയ്ക്ക് ഒപ്പം നില്‍ക്കുംപോഴോ ആണ് .ചെറുപ്പം മുതലേ സംഗീതം കൂടെ ഉണ്ട് .,...... കവിതയും ചിലപ്പോള്‍. ....... പക്ഷെ എഴുതല്ല........ ചൊല്ലല്‍ ആയിരുന്നു, മറ്റുള്ളവരുടെ കവിതകള്‍. ആശാനും വള്ളത്തോളും ചങ്ങമ്പുഴയും....... ഏതാണ്ട് എല്ലാ കവികളും ,എഴുത്തച്ചന്‍ മുതല്‍ക്കു ഞാന്‍ കാണാതെ പഠിച്ചു ചൊല്ലിയിട്ടുണ്ട് .പിന്നീടാണ് ആഴമുള്ള ഒരു ഇരുട്ടില്‍ നിന്ന് മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ കവിത കയറി വന്നത്.ഭൂമിയിലെ ഏറ്റവും വലിയ ആനന്ദം കവിത ആണ് എന്ന് തോന്നിച്ചു കൊണ്ട്........................ എഴുത്തും തോറും മുറിയുകയും മുറിയും തോറും പൂക്കുകയും ചെയ്യുന്ന മുറിവ്.കവിത എനിക്ക് അതാണ്‌..കവി ആണ് എന്ന് പറയുമ്പോള്‍ ...ആത്മാവ് കീറി മുറിയുന്ന ഒരു ഒതുങ്ങല്‍ ഉണ്ട് ,,,ഒരു പറക്കലുണ്ട്.ഞാന്‍ അതില്‍ ആനന്ദിക്കുന്നു....ജീവിക്കുന്നു.

രാജു ഇരിങ്ങല്‍ :-(ചില കവിതകള്‍ എഴുതിയിട്ടുണ്ടെന്നതില്‍ കവിഞ്ഞ് ഒരു കവിയാണ് ഞാന്‍ എന്ന് തോന്നിയിട്ടേയില്ല) എങ്കിലും എഴുത്തും വായനയും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ഒരാളെന്ന നിലയില്‍ ചിലത് പറയാം.

ആധുനീകര്‍ക്ക് മുമ്പുണ്ടായ കവികള്‍ക്ക് മഹത്വം കല്പിച്ച ഒരു ജനതയുണ്ടായിരുന്നു. അത്തരക്കാര്‍ക്ക് ഇന്നും പേരിന് മഹത്വം കല്പിക്കുന്നവരാണ് വായനക്കാര്‍. എന്നാല്‍ സമകാലിക കവികള്‍ക്ക് ഒരു മഹത്വവും കല്പിച്ച് കൊടുക്കുകയോ പദവിയൊ ബഹുമതിയൊ ഒന്നുമില്ല. ഇന്നത്തെ ‘പേരെടുത്ത’ കവികളൊക്കെ തന്നെ ‘സ്വയം’ പ്രഭാവലയത്തില്‍ ജീവിക്കുന്നവര്‍ മാത്രമാണ്. വായനക്കാര്‍ ഈ കവികള്‍ക്കൊന്നും ഒരു മഹത്വവും കല്പിച്ച് കൊടുക്കുന്നേയില്ല. അതു കൊണ്ട് തന്നെ സമകാലിക കവികള്‍ എല്ലാരും തന്നെ സാധാരണ മനുഷ്യരെ പോലെ ഉണ്ടും ഉറങ്ങിയും ജോലി ചെയ്തും ജീവിക്കുന്ന പതിവ് മനുഷ്യര്‍ തന്നെ. കവിയായ് മാത്രം ജീവിക്കുന്നേയില്ല. അതിന്‍ റെ ആ‍വശ്യവും ഇല്ല. അതിനൊരു കാരണം ഗുരുകുലത്തില്‍ ഗുരുനാഥന്‍ പണ്ട് കുട്ടികളെ പഠിപ്പിച്ചിരുന്ന രീതിയിലല്ല ഇന്ന് വിദ്യാലയത്തില്‍ അദ്ദ്യാപകന്‍ പഠിപ്പിക്കുന്നത് എന്ന് നമുക്കറിയാം. കവിത എന്നുള്ളത് ഭാഷകൊണ്ട് ഒരു ഭാഷ്യം ചമയ്ക്കുന്ന കവിയുടെ വികാരമാണ് എന്ന് പറയാം. സത്യത്തില്‍ കവിത മാത്രമല്ല ഗദ്യമായാലും ഇങ്ങനെ തന്നെയാണ്.എന്നാല്‍ കവിതയില്‍ മറ്റ് എഴുത്ത് രീതിയിലുള്ളതിനേക്കാള്‍ സൌന്ദര്യാത്മ്ശം കൂടിയിരിക്കുമെന്നേയുള്ളൂ. ആനന്ദം എന്നൂള്ളത് ഓരോരുത്തര്‍ക്കും ഓരോ വഴിയിലാണ് കിട്ടുക. ഒരു കൃഷിക്കാരന് നല്ല വിളവു ഉണ്ടാകുമ്പോള്‍ ആനന്ദമുണ്ടാവുകയും മറ്റൊരവസ്ഥയില്‍ വിളഞ്ഞ് നില്‍ക്കുന്ന കൃഷിടങ്ങള്‍ കാണുമ്പോള്‍ ആനന്ദമുണ്ടാവുകയും ചെയ്യും. കവിക്ക് ആനന്ദം നല്ല കവിത എഴുതി അത് വായനക്കരനിലേക്ക് സംക്രമിച്ച് കഴിഞ്ഞെങ്കില്‍ സ്വഭാവികയും ആനന്ദം അനുഭവിക്കും എന്നാല്‍ അത് തിരസ്കരിക്കുകയും ‘പൊട്ടക്കവിത’ എന്ന് വിളിപ്പേരിടുകയും ചെയ്യുമ്പോള്‍ വ്യഥ നിഴലിക്കുമെങ്കിലും എന്നെ സംബന്ധിച്ച് ‘ എന്‍ റെ അത്രയും വായനക്കാരന്‍ ഉയര്‍ന്നില്ലെന്ന്’ ചിന്തിച്ച് പഴയതിനെ മറക്കാന്‍ ശ്രമിക്കുക തന്നെയാണ് ചെയ്യാറുള്ളത്.

സമകാലിക കവിയുടെ വ്യഥകള്‍, ആനന്ദങ്ങള്‍ എന്നിവയെ കുറിച്ചാണെങ്കില്‍ വ്യക്തിപരമായ ഒരു വ്യഥയും എഴുത്തില്‍ കൊണ്ടുവരാന്‍ എനിക്ക് സാധിച്ചിട്ടില്ല എന്നാല്‍ എന്‍ റെ ചിന്തകളില്‍ ചില ശരിയില്ലായ്മകളോടുള്ള കലഹം, പിണക്കം, ദു:ഖം തുടങ്ങിയവ എഴുത്തിലൂടെ പ്രകടിപ്പിക്കാന്‍ ഭാഷയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അത്തരുണത്തില്‍ കവിയുടെ വ്യഥ വെളിപ്പെടുത്താന്‍ എഴുത്ത് ഒരു മാധ്യമമായി ഉപയോഗപ്പെടുത്തുന്നു. ഏതൊരു മനുഷ്യനെയും പോലെ എഴുത്തുകാരനും സാമൂഹിക ജീവിയാണ്. അതുകൊണ്ട് തന്നെ സാമൂഹിക നീതി ഉറപ്പാക്കുന്ന എഴുത്തായിരിക്കണമെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാ‍ളെന്ന നിലയില്‍ പ്രത്യക്ഷത്തില്‍ കാണുന്ന തെറ്റുകള്‍ക്കെതിരെ പ്രതികരിച്ച് പോവാറുണ്ട്. ഏറ്റവും ചുരുക്കി പറഞ്ഞാല്‍ നാലാം മാധ്യമായ ബ്ലോഗ് , സൈബര്‍ ഇടങ്ങളിലൊരു കമന്‍ റായി പോലും ഇത്തരം പ്രതികരണം നല്‍കുന്നു. അതുകൊണ്ട് തന്നെ കവിക്ക് മാത്രമായി ഒരു ആത്മാഭിമാനം ഇല്ല എന്നും കരുതുന്നു. എഴുത്തില്‍ പുലര്‍ത്തുന്ന നീതിയാണ് എഴുത്തുകാരന്‍റെ ആത്മാഭിമാനം.

എഴുത്ത് , അത് കഥയൊ കവിതയൊ ആകട്ടെ വായനക്കാരന്‍ കൊണ്ടാടുമ്പോഴാണ് സത്യത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകുന്നത്. എന്നാല്‍ വായനക്കാര്‍ തിരസ്കരിച്ചെങ്കിലും ‘എന്നോളം’ അവരെത്തിയില്ലെന്ന് അഹങ്കരിക്കാനും മടിയൊന്നുമില്ല. ഇത്തരം എല്ലാ സന്തോഷങ്ങളും അഭിമാന ബോധവും ഒരു കൃതി എഴുതി കഴിഞ്ഞ് അടുത്തത് ഒന്ന് എഴുതും വരെ മാത്രമേ ഉണ്ടാവുകയുള്ളൂ. പുതിയത് എങ്ങിനെ എന്ന ചിന്തയില്‍ പഴയതിന്‍റെ എല്ലാ സന്തോഷവും, എല്ലാ ആത്മാനിഭാന ബോധവും ഇല്ലാതായ് പോവുകയും ചെയ്യാറുണ്ട്. ഇത് ഒരു പക്ഷെ എന്‍ റെ പോരായ്മയാവാം.

2. നമുക്കിപ്പോള്‍ മഹാകവികളില്ല ,കൊച്ചു കൊച്ചു കവികളേ ഉള്ളൂ എന്ന വിമര്‍ശനത്തെ എങ്ങനെ നേരിടും ?

എല്‍ .തോമസ്‌ കുട്ടി 
എല്‍ .തോമസ്‌ കുട്ടി :- ,ഐന്‍സ്റീനു ശേഷം ലോകം മാറി.അളവുകളും വലിപ്പങ്ങളും വ്യത്യാസപ്പെട്ടു.മാനകങ്ങളും പരിമാണങ്ങളും ആപേക്ഷികമെന്നു വന്നുകൂടി .നീളവും വീതിയും മാത്രമല്ല മാഹാത്മ്യവും അപ്പോള്‍ ആപേക്ഷികമാകാതെ തരമില്ലല്ലോ?
കഴിഞ്ഞ ദശകങ്ങളുടെ മുഖ്യ സ്വഭാവം ലോകമെമ്പാടും ചെറുതുകള്‍ക്കു കൈവന്ന പ്രാധാന്യമാണ്.വലിയ രാഷ്ട്രങ്ങളും പ്രബലപ്രത്യയശാസ്ത്രങ്ങളും തകര്‍ന്നിടങ്ങളില്‍ അവിചാരിതവും അപരിചിതവുമായൊരു ചെറുതുകളുടെ പുതുവഴിയിലൂടെ മുല്ലപ്പൂമണമുള്ള രക്തരഹിത വിപ്ളവങ്ങള്‍ വിജയം വരിച്ചു.അതുവരെ കേന്ദ്രീകരിക്കപ്പെട്ടിരുന്ന അധികാരമാവട്ടെ,അവകാശങ്ങളാകട്ടെ ,ജ്ഞാനമാകട്ടെ അങ്ങനെ പലതും ചെറുതുകള്‍ക്കായി തുറന്നുകൊടുക്കപ്പെട്ടു. പഴയ വലിപ്പങ്ങള്‍ ജീവനുപോലും ഭീഷണിയായി മുല്ലപ്പെരിയാറായി നമുക്കുമുന്നില്‍ ഇപ്പോഴുമുണ്ടല്ലോ?
മഹാകവിയെന്നത് തന്നെ അത്ര സൂക്ഷമായൊരു പ്രയോഗമൊന്നുമല്ല. മഹാകാവ്യം ,ഖണ്ഡകാവ്യം, സന്ദേശകാവ്യം,വിലാപകാവ്യം എന്നൊക്കെ നമുക്ക് കാവ്യശാഖകളുണ്ടായിരുന്നു.മഹാകാവ്യം എഴുതിയിരുന്നവരെ ഒരുകാലത്ത് മഹാകവി എന്നു വിളിക്കുകയും ചെയ്തിരുന്നു.മഹാകാവ്യമെഴുതാത്ത മഹാകവിയെന്ന് ആശാനെ എടുത്തുപറയാനുള്ള കാരണവും അതാണ്.ഇത്ര പരിമിതമായഅര്‍ഥമാണ് മഹാകവിത്വത്തിന് ഉള്ളതെങ്കില്‍ തുടര്‍ന്നുപറഞ്ഞിരിക്കുന്ന കാവ്യശാഖകളില്‍ വ്യാപരിച്ചവരെ ഖണ്ഡകവി,സന്ദേശകവി,വിലാപകവി എന്നൊക്കെ പറയേണ്ടിവരും.അപ്പോള്‍ കവിതയുടെ മഹത്വമാണ് മഹാകവിത്വത്തിന് ആധാരമെങ്കില്‍ അത് പണ്ടും ഇന്നും ഉണ്ടാവാം,പക്ഷേ ആപേക്ഷികമാണ് അവയുടെ മഹത്വവും വിനിമയവും.പ്രത്യേകിച്ചും, കലയുടെ വഴികള്‍ പ്രതിഭിന്നമാവുകയും ലക്ഷ്യവും പരിചരണങ്ങളും വൈവിധ്യങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് നിര്‍ണയനവാദങ്ങള്‍ക്കും തീര്‍പ്പുകള്‍ക്കും പ്രസക്തിയില്ല

രോഷ്നി സ്വപ്ന :- ആധുനികതക്കുശേഷം വന്ന കാലഘട്ടത്തില്‍ കവിതയ്ക്ക് കുറച്ചു കുടി അയവ് വന്നിട്ടുണ്ട് ഇടശ്ശേരി ,വ്യ്ലോപ്പിള്ളി , തുടങ്ങിയകവികള്‍ക്ക് സമശീര്‍ഷരായ ഒരൊറ്റ കവികളും ഇല്ലാതിരുന്ന കാലം ആണ് എഴുപതുകള്‍.അതിനു ശേഷം സച്ചിദാനന്ദന്‍ , ആറ്റൂര്‍ ............ഡി.വിനയചന്ദ്രന്‍..തുടങ്ങിയവരുടെ പ്രതികരണ ക്ഷമതയുള്ള കവിതകള്‍ സജീവമായി.
എഴുപതുകളുടെ രണ്ടാം പകുതിയില്‍ ജനിച്ച രാഷ്ട്രീയ ജാഗ്രത ആധുനിക കവിതയെ പുനരുജ്ജീവിപ്പിച്ചു.വിവര്‍തനകവിതകളും സജീവമായി.കവിത അതിന്റെ സ്വത്വപരമായ നിലനില്‍പ്പിന്റെ അടിസ്ഥാനത്തില്‍ ആണ് അളക്കപ്പെടെണ്ടത് .അഞ്ഞൂറ് വരി  കവിത എഴുതിയാല്‍ മഹാ കവി ആയി എന്നാ ധാരണ തെറ്റാണു. മനുഷ്യന്‍ എന്ന കവിതയെ വൃത്തിയായി എഴുതാന്‍ അറിയുന്നവന്‍ ആണ് മഹാ കവി.അഞ്ഞൂറോ ആയിരമോ വരി കവിതകള്‍ എഴുതുന്നവര്‍ ഇന്നും ഉണ്ട്.പുതിയ കാലം കുറച്ചു കൂടി ചെറിയ ലോകങ്ങളെ ആവിഷ്കരിക്കുന്നുണ്ട് .ഓര്‍മ്മകളെയും വീട്ടകങ്ങളെയും പ്രദേശങ്ങളെയും ഉള്‍ക്കൊള്ളാന്‍ പുതു കവിതയ്ക്ക് കെല്പ്പുണ്ട്.കാണാത്ത ഹിമാലയതെക്കാള്‍ തൊട്ടടുത്ത കുന്നിന്‍പുറത്തെ കുറിച്ച് എഴുതാന്‍ ആണ് എനിക്കിഷ്ടം.

രാജു ഇരിങ്ങല്‍ :- ഭൂമിയിലെ സകല ജീവന്‍റെയും പ്രപഞ്ചത്തിന്‍റെ വൈചിത്രങ്ങളേയും ഭൌതികവും ആത്മീയുമായ സ്വരങ്ങളോടും അസ്വാരസ്യങ്ങളോടുമുള്ള വൈകാരിക പ്രതികരണങ്ങളെ വാക്കുകളുടെ മൂശയില്‍ ഭാഷയാല്‍ കവിതയിലേക്ക് സ്വാംശീകരിക്കുകയാണല്ലോ കവി ചെയ്യുന്നത്. ലോകക്രമമനുസരിച്ച് കാലഘട്ടത്തെ അടയാളപ്പെടുത്താന്‍ മാഹാകാവ്യങ്ങള്‍ വേണമെന്നേയില്ല. സത്യത്തില്‍ ഇത്തരം അളവു കോലുകള്‍ വായനക്കാര്‍ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ് പതിവ്.

മഹാകാവ്യം എന്ന ബോധത്തില്‍ നിന്നാണല്ലോ മഹാകവി ജനിക്കുന്നത്. ആധുനീക കാലം സകലതിനേയും സൂക്ഷ്മമായി കാണാന്‍ ശ്രമിക്കുന്നവരുടെ ഒരു ലോകമാണ്. അതു കൊണ്ട് തന്നെ മഹാകാവ്യങ്ങളുണ്ടാവുക എന്നത് തന്നെ അപൂര്‍വ്വമായേക്കാം. എന്നാല്‍ അത്തരം മഹാകാവ്യ പാരായണം തീര്‍ത്തും ഉണ്ടാവില്ലെന്നതും നമ്മള്‍ തിരിച്ചറിയണം. ഓരോ കാലഘട്ടത്തിനനുസരിച്ച് ഭൂമിയിലെ ജീവജാലങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നു പറയും പോലെ ഒരു മഹാകാവ്യത്തിന് യോജിച്ച ഒരു പരിത:സ്ഥിതി അല്ല ഇന്നുള്ളത് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. എന്നാല്‍ ചെറുകാവ്യങ്ങള്‍ തന്നെ മഹാകാവ്യത്തിന്‍റെ ‘ഇല്ലായ്മ; ലഘൂകരിക്കുക തന്നെ ചെയ്യും. കവിതകളുടെ മാറ്റ് നോക്കേണ്ടത് വലുപ്പത്തിലല്ല മറിച്ച് ദര്‍ശനത്തിന്‍റെയും അനുഭവത്തിന്‍റെയും വീര്യം ഉള്‍ച്ചേര്‍ന്നുവോ എന്നു മാത്രമാണ്. മഹാകാവ്യങ്ങള്‍ വളരെ വിസ്തരിച്ച് കഥപറയുമ്പോള്‍ അലോപ്പതി ഇഞ്ചക്ഷന്‍ പോലെ വളരെ പെട്ടെന്ന് കൃത്യമായ ആശയത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ഇഞ്ചക്ഷന്‍ എഫക്ട് ആണ് ചെറുകവിതകള്‍ നമുക്ക് നല്‍കുന്നത്. ഇത് മലയാളത്തിന്‍റെ മാത്രം പ്രത്യേകതയുമല്ല. ലോകത്ത് എല്ലായിടത്തും ഇപ്പോള്‍ നടക്കുന്നത് ഇങ്ങനെ ഒരു രീതി തന്നെയാണ്. അതിനര്‍ത്ഥം ലോകത്തിന്‍ റെ രീതി സൂക്ഷ്മാര്‍ത്ഥത്തില്‍ കാണാന്‍ ശീലിച്ച ഒരു ജനതയാണ് കവിയുടെ കൂടെ ഉള്ളത് എന്നാണ്. മാത്രവുമല്ല കവിതകളെ ഇന്നാരും പലതരം ഗണത്തിലാക്കി ക്ലാസിഫൈ ചെയ്യാറുമില്ല. പ്രാചീനകാലത്ത് സന്ദേശ കവിതകളെന്നും, വിലാപ കവിതകളെന്നും, വഞ്ചിപ്പാട്ട് കവിതകളെന്നും പേര് ചേര്‍ത്ത് വിളിക്കുക ഒരു ശീലമായിരുന്നു. ഇന്നത്തെ കവിതയ്ക്കോ കവിക്കോ അങ്ങിനെ ഒരു പേരിട്ട് വിളിക്കാന്‍ പറ്റില്ല കവിത ബഹിര്‍സ്പുരതയുടെ കാലത്താണെന്നൊ എഴുത്ത് പൂര്‍ണ്ണമായും വ്യാപരിക്കുന്നത് എന്ന് നമുക്ക് കാണാന്‍ സാധിക്കും. നമുക്ക് വേണ്ടത് ഏതൊരു കാവ്യത്തെയും അതിന്‍റെ വലുപ്പത്തെ സ്കെയില്‍ വച്ചളക്കാതെ സമീപിക്കുന്ന കാഘട്ടത്തെ അടയാളപ്പെടുത്തുന്ന കവിതകളാണ്. ജനാധിപത്യപൂര്‍ണമായ ഒരു പുതിയ ലോകത്തിലേക്ക് സഞ്ചരിക്കാനുള്ള ഇന്ധമായി ഇന്ന് ആരും കവിതയെ കാണുന്നേയില്ല. ഒരു ബോര്‍ഡെഴുത്തു പോലെ, വെറു മൊരു ഹോബി പോലെയൊക്കെ കാലം കവിതയെ കണ്ടു തുടങ്ങിയിരിക്കുന്നു എന്ന സത്യം എത്ര ഒളിച്ച് പിടിച്ചാലും കാണേണ്ടത് കാണുക തന്നെയും.

പി.എന്‍ ഗോപികൃഷ്ണന്‍ :- കവികളെക്കുറിച്ചുള്ള ഏത് ചോദ്യങ്ങളും കവിതയില്‍നിന്നും ബഹുദൂരം അകറ്റുന്നു. ഏത് മഹാകവിക്കും കാലത്തെണീറ്റ് കക്കൂസില്‍ പോവുകയും ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്ന മനുഷ്യശരീരം തന്നെയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് വലുതാകുന്നതും ചെറുതാകുന്നതും ചെയ്യുന്നത് കാവ്യങ്ങളാണ്. കര്‍ത്താക്കളല്ല. നെരൂദയ്ക്കല്ല മൂന്നാംകണ്ണ്. അദ്ദേഹത്തിന്റെ കവിതയ്ക്കാണ്.
ഇനി മഹാകാവ്യം ഉണ്ടാകുമോ ഇല്ലയോ എന്നതാണ് ചോദ്യമെങ്കില്‍ അതിന് സാംഗത്യമുണ്ട്. കവിതയുടെ രൂപവും വിഷയസ്വീകരണവും അനുദിനം ചെറുതായിക്കൊണ്ടിരിക്കുകയാണോ ചെയ്യുന്നതെന്ന് പരിശോധിക്കുന്നത് രണ്ടു തരത്തിലാകാം. ഒന്ന് പരിമാണതലത്തില്‍. ശരിയാണ്. പണ്ടത്തെപ്പോലെ വലിപ്പമുള്ള കാര്യങ്ങളുടെ എണ്ണത്തില്‍ വളരെ കുറവുവന്നു. പന്ത്രണ്ട് പോയിന്റ് വലിപ്പമുള്ള അക്ഷരങ്ങളില്‍ അ4 പേജില്‍ കൊള്ളുന്ന വലിപ്പമായി കവിതയുടെ അടിസ്ഥാനരൂപം. മഹാകാവ്യങ്ങള്‍ പോകട്ടെ ഖണ്ഡകാവ്യങ്ങള്‍പോലും അപൂര്‍വ്വമായി. ആധുനികതാഘട്ടത്തില്‍ അയ്യപ്പപ്പണിക്കരും സച്ചിദാനന്ദനും പിന്നീട് അഗസ്റിന്‍ ജോസഫ്, മനോജ് കുറൂര്‍, മോഹനകൃഷ്ണന്‍ കാലടി, വി.എം. ഗിരിജ തുടങ്ങിയവരും ദീര്‍ഘകാവ്യങ്ങള്‍ എഴുതി എന്നത് ശരിതന്നെ. ആഗോള ആധുനികതയില്‍ ടി.എസ്. എലിയറ്റും നെരൂദയും പാസും സെഫരിസുമൊക്കെ ദീര്‍ഘകാവ്യങ്ങള്‍ എഴുതിയിട്ടുമുണ്ട്. കസാന്‍ദ് സാക്കീസിന്റെ ഒഡീസി വലിയ കാവ്യം തന്നെ. എങ്കിലും അത് ആധുനികഘട്ടത്തിന്റെ പൊതുവഴിയായില്ല.
ഇനി ദര്‍ശനതലത്തില്‍ പരിശോധിച്ചാല്‍ മഹാകാവ്യങ്ങളുടെ അഭാവത്തെക്കുറിച്ചുള്ള പരാതി അവഗണിക്കാവുന്നതാണ്. ഏതു മഹാകാവ്യം തരുന്ന ദര്‍ശന ദുഃഖവും സൌഖ്യവും തരാനുള്ള കെല്പ് ഈ ചെറുകവിതകള്‍ നല്‍കിയിട്ടുണ്ട്. മിറോസ്ളോവ് ഹോലുബിന്റെ 'മരിച്ച ഒരു ഭാഷയുടെ പാഠപുസ്തക'ത്തിലെ നായികാനായിക•ാരായ പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും എവിടെ അടക്കം ചെയ്തു എന്നത് ലോകത്തിലെ എല്ലാ ഭാഷകളിലേയ്ക്കും നിശ്ശബ്ദതകളിലേയ്ക്കും വിവര്‍ത്തനം ചെയ്യുക എന്ന് പറയുന്ന വരികളുണ്ട്. അതിന് തുടര്‍ച്ചയായി 'നാം നമ്മെ എവിടെ അടക്കം ചെയ്തിരിക്കുന്നു എന്നെഴുതുക' എന്ന വരിയും. ഇതിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന അനുഭൂതി സൂചിക മഹാകാവ്യങ്ങളുടെ അനുഭൂതി സൂചികകളേക്കാള്‍ ഒട്ടും കുറവല്ല. കവിതകളുടെ ചെറുപ്പം അളക്കേണ്ടത് അതിന്റെ ചുരുക്കത്തിലോ ദൈര്‍ഘ്യത്തിലോ അല്ല എന്ന് നല്ല വായനക്കാര്‍ക്കറിയാം.

3. പുതുകവിത സംസ്കാര പഠനവും കടങ്കഥ കൌശലവും മാത്രമായി സൌന്ദര്യാത്മകതയെ നിഷേധിക്കുന്നതായി അനുഭവപെടുന്നുണ്ടോ ?

പി.എന്‍ ഗോപികൃഷ്ണന്‍ :-സംസ്കാരപഠനവും കടങ്കഥാ കൌശലവും സൌന്ദര്യാത്മകതയ്ക്ക് എതിരാണ് എന്ന് ഈ ചോദ്യം ധ്വനിപ്പിക്കുന്നുണ്ട്. ചോദ്യങ്ങളുടെ ഒരു പ്രശ്നം ഇതാണ്. അത് വ്യാജമായ പിളര്‍പ്പുകളും എതിരുകളും ഉണ്ടാക്കും. കവിത സിദ്ധാന്തമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. സിദ്ധാന്തം എന്ന അറിവിന്റേയോ ഭാഷയുടേയോ ഒരു പ്രത്യേക ശാഖ ഉടലെടുത്തിട്ട് അധികകാലമായിട്ടില്ല. ചില പ്രത്യേകമൂല്യങ്ങളെ, പലപ്പോഴും പ്രത്യക്ഷതയില്‍ പല കാരണങ്ങളാല്‍ ദൃശ്യത നേടാത്ത മൂല്യങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് സിദ്ധാന്തം ചെയ്യുന്നത്. കവിതയില്‍ എല്ലാം കുറേക്കൂടി ചലനാത്മകമാണ്. മൂല്യവ്യവസ്ഥ പോലും. ഇക്കാലത്തെ ജീവിതം എന്ന വലിയ ഒരു താപനിലയാണ് കവിതയെയും സിദ്ധാന്തങ്ങളെയും ഒരേപോലെ നിലനിര്‍ത്തുന്നത് എന്നതൊഴിച്ചാല്‍ അവ പരസ്പര ബഹുമാനമുള്ള രണ്ട് വഴികളാണ്. പരസ്പരം കണ്ടാല്‍ അത്ര ഭയപ്പെടാത്തവ. അതുകൊണ്ട് സൌന്ദര്യാത്മകത എന്ന 'നിശ്ചലസങ്കല്പന'ത്തെ ഉയര്‍ത്തിക്കാട്ടി പുതിയ കവിതയെ പേടിപ്പിക്കാനാകില്ല.

രോഷ്നി സ്വപ്ന 
രോഷ്നി സ്വപ്ന : പുതിയ ചില കവിതകള്‍ അഭ്യാസങ്ങള്‍ ആയി അനുഭവപ്പെടാറുണ്ട്,വസ്തുക്കളുടെ പേരുകള്‍ നിരത്തി വച്ചാല്‍ കവിതയാകില്ല.കവിതയെ സംസ്കാര പഠനത്തിന്റെ ഭാഗം ആക്കി മാറ്റുന്നതില്‍ തെറ്റില്ല.പക്ഷെ കവിത അതല്ലാത്ത ഒരു പാട് സാംസ്കാരിക ധര്‍മ്മങ്ങള്‍ കൂടി സൂക്ഷിക്കുന്നുണ്ട്. ആത്യന്തികമായി കവിതയില്‍ കാലം,സമയം എന്നിവ തെറ്റിക്കിടക്കുന്നുണ്ടാവാം. അതുകൊണ്ടാണ് വ്യ്ലോപ്പിള്ളി ''എന്നുടെ ഒച്ച വേറിട്ട്‌ കേട്ടുവോ എന്ന് ചോദിച്ചപ്പോള്‍'',,,,,,,,,,,,,,,,,,,,,,,,,,,,,,,,,അതിനു പുതിയ കാലത്തും പുനര്‍ വായനകള്‍ ഉണ്ടായത്.....നമ്പ്യാര്‍ മികച്ച രാഷ്ട്രീയ കവി ആകുന്നത്.
കവിതയിലെ സൌന്തര്യാത്മകത നിരൂപിച്ചു എടുക്കുന്നതില്‍ സംഭവിക്കുന്ന ചില പാളിച്ചകള്‍ ആണ് ഇത്തരം നിര്‍ജ്ജീവ കവിതാ നിര്‍മ്മിതിക്ക് കാരണം.



രാജു ഇരിങ്ങല്‍ :-  ഈ ചോദ്യത്തെ ആദ്യമൊന്ന് ഇഴപിരിച്ചെഴുതാം എന്ന് തോന്നുന്നു. താങ്കള്‍ പറയുന്നത് സാംസ്കാരിക പഠനം എന്നത് സൌന്ദര്യാത്മകതെ നിഷേധിക്കുന്നു.
രണ്ടാമത് പറയുന്നത് കടങ്കഥ കൌശലം എന്ന് പറയുന്നതിലും തീര്‍ത്തും സൌന്ദര്യത്മകതയെ നിഷേധിക്കുന്നു.
സത്യത്തില്‍ സാംസ്കാരിക പഠനമെന്നതും കടങ്കഥയെന്നതുമൊക്കെ സൌന്ദര്യത്തെ നിഷേധിക്കുകയല്ല കണ്ടെത്തുകയാണ് ചെയ്യുന്നത്. അതു കൊണ്ട് തന്നെ പുതുകവിത സാംസ്കാരിക പഠനത്തോടൊപ്പം കവിതയിലെ പുതിയ സൌന്ദര്യ വീക്ഷണത്തെ നോക്കി കാണുകയാണ് ചെയ്യുന്നത്. ചരിത്രബോധത്തോടെയും രാഷ്ട്രീയ മുഴക്കത്തോടെയും പുതു കവിതകളെ പുറത്തു കൊണ്ടു വരാനുള്ള ശ്രമം ചിലരെങ്കിലും വെല്ലുവിളിയായ് സ്വീകരിച്ചിട്ടുണ്ടെന്നുള്ളത് മാത്രമാണ് പുതുകവിതയിലെ സാംസ്കാരിക ഇടപെടല്‍.

രാജു ഇരിങ്ങല്‍ 
നിശ്ശബ്ദതയോളമെത്തുന്ന ആഖ്യാന രീതിയാണ് ഉത്തരാധുനീകത പ്രത്യേകിച്ച് മലയാളത്തിൽ . കൈ എത്തിപ്പിടിക്കാവുന്നവ മാത്രം കൈമുതലാക്കി ഒരു ചാട്ടം പോലും ചാടാതെ മുന്തിരിക്കുലകളൊക്കെ പുളിക്കുന്നു എന്ന കുറുക്കന്‍റെ ചില നേരത്തെ പുളിച്ച മടി സമകാലിക കവികളില്‍ സ്പ്ഷ്ടമാണ്. എല്ലാ കവികളിലും അത്തരം ബോധമുണ്ടെന്നൊന്നും ഞാന്‍ പറയുന്നില്ല. എന്നാല്‍ അങ്ങിനെ ഒരു അനങ്ങാപ്പാറാ സംസ്കാരം രൂപീകരിക്കുന്നതില്‍ പന്നിപ്പേറു പോലെ കവിതകളെഴുതുന്ന പുതു കവി കള്‍ സംസ്കാരികമായ തിരിച്ച് പോക്ക് എന്ന് പോലും പറയാനാവാത്ത വിധം ശുഷ്ക സംഭോകം നടത്തുകയാണ് ചെയ്യുന്നത്. ചരിത്രബോധത്തോടെയും രാഷ്ട്രീയ മുഴക്കത്തോടെയും പുറത്തു കൊണ്ടു വരാനുള്ള ശ്രമം ചിലരെങ്കിലും വെല്ലുവിളിയായ് ഏറ്റെടുത്തിരിക്കുന്നു. വിരലിലെണ്ണത്തിലെങ്കിലും ഓരോ വാക്കിലും ഒരു സമൂഹം ഇരമ്പുന്നുണ്ട് എന്ന തിരിച്ചറിവ് എന്നാല്‍ ഒരു കാലഘട്ടത്തെ എടുത്ത് പറയുമ്പോള്‍ പുതിയ കാലഘ്ട്ടത്തിന്റെ കവിതകൾക്ക് ഒരേ മുഖവും ഒരേ രൂപവും. ഭാഷയിലെ ഗിമ്മിക്കുകള്‍ മാത്രമയി ഒതുങ്ങി പ്പോകുന്നത് കാലഘ്ട്ടത്തിന്റെ മാറ്റമാകാം എന്ന് സമാധാനിക്കാതെ തരമില്ലല്ലോ.

കവിത നമുക്കിപ്പോഴും നല്‍കുന്നത് പ്രതീക്ഷയുടെ പൊന്‍ വെളിച്ചം തന്നെയാണ്. പ്രതീക്ഷകള്‍ പൂര്‍ണ്ണമായും സാക്ഷാല്‍ക്കരിക്കാത്തിടത്തോളം പ്രത്യാശയുടെ മണി മുഴങ്ങിക്കൊണ്ടിരിക്കുക തന്നെ ചെയ്യും. കവിതയും കവിതയുടെ രൂപവും മാറി വരുന്നതു പോലെ തന്നെ കവിതാസ്വാദകരും ആസ്വാദന രീതിയും മാറിമാറി വരുന്നു. താന്‍ ചുറ്റും കാണുന്നത് മാത്രമെ പുതു കവിത അടയാളപ്പെടുത്തുന്നുള്ളൂ. കാണുന്ന കാഴ്ചയെ റിപ്പോര്‍ട്ടറുകളായ് എഴുതി തള്ളുമ്പോള്‍ കാലത്തെ അതിജീവിക്കുന്ന കവിതകള്‍ ഇല്ലാതാവുന്നു. ആധുനീകരുതേഠ്യു പോലുള്ള വലിമ എന്തൊക്കെ അടയാളങ്ങള്‍ നിരത്തി സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴും കിട്ടാത്തതും ജീവിതത്തെ അറിയാത്തതിലുള്ള അനുഭവിക്കാത്തതിലുള്ള ഇല്ലായ്മകള്‍ തന്നെയാണ്.

എല്‍ .തോമസ്‌ കുട്ടി : പുതുകവിതയെക്കുറിച്ച് നിരവധി വിമര്‍ശനങ്ങളും വിയോജിപ്പുകളും കേള്‍ക്കാറുണ്ട്.അവയില്‍ പ്രബലമായ പരിദേവനം അവയുടെ എണ്ണപ്പെരുക്കത്തെപ്പറ്റിയുള്ളതാണ്.അതാവട്ടെ വാസ്തവമാണ്താനും .ഇന്ന് ഇതരസാഹിത്യരൂപങ്ങളോട് തട്ടിച്ചുനോക്കിയാല്‍ ഏറ്റവു കൂടുതല്‍ ഉണ്ടാകുന്നത് കവിതയാണെന്നുകാണാം.പക്ഷെ മുഖ്യധാര അവയ്ക്ക് തദനുസൃതമായ ഇടം നല്കുന്നുമില്ല എന്നും കാണാനാവും.ഇത്തരമൊരുസാഹചര്യത്തിലാണ് 2009 ഫെബ്രുവരി 23 മുതല്‍ യരലവ എന്നപേരില്‍ ഞങ്ങള്‍ ഒരു കവിക്കൂട്ടായ്മ ആരംഭിച്ചത്.കേരളത്തിലെ വിവിധ ഭാഗങ്ങളിലായി കവികള്‍ എല്ലാമാസവും ഒത്തുകൂടുന്നു.പുതിയ കവിതയെക്കുറിച്ച് ചര്‍ച്ചചെയ്യുകയും കവിതകള്‍ പരസ്പരം വായിക്കുകയുംചെയ്യുന്നു.കവിതയ്ക്കുവേണ്ടി ഒരു പ്രസിദ്ധീകരണം തുടങ്ങുന്നു.. വൈവിധ്യവും വിശാലതയുമാണ് പുതുകവിതയുടെ മുഖമൂദ്രയെന്നും പരിസരകവിതയെന്ന് അതിനെ സാമാന്യമായി വിളിക്കാമെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്, വൈവിധ്യത്തെ പ്രതിനിധാനംചെയ്യുക വിപണിബലതന്തങ്ങളാല്‍ ഭരിക്കപ്പെടുന്ന മുഖ്യധാരയ്ക്ക് ക്ഷിപ്രസാധ്യമല്ലെന്നകാര്യവും പരിഗണിക്കേണ്ടതുണ്ട്.തോര്‍ച്ച,പ്ളാവില,മാതൃകാന്വേഷി,പ്രസക്തി,വിശകലനം,സൂര്യകാന്തി തുടങ്ങി ഒട്ടേറെ സമാന്തര പ്രസിദ്ധീകരണങ്ങള്‍ ഇതിനു പ്രതിവിധിതേടുന്നു. എണ്ണമറ്റ ബ്ളോഗുകളും ഫേസ്ബുക്കുകളും ഇന്നത്തെ പുതുകവിതയെ കൂടുല്‍ സ്വതന്ത്രമാക്കുന്നുണ്ട്. വളയമില്ലാതെ ചാടുന്ന ബ്ളോഗില്‍,ക്ഷണികവും ക്ഷിപ്രവും ലഘുവും അലസവുമായ ക്ഷുദ്രരചനകളുടെസൂകരപ്രജനനം നടക്കുന്നുവെന്ന ആക്ഷേപവും നിലവിലുണ്ട്.
കവിതയെന്നത് സൌന്ദര്യാത്മകമായ ഒരു ജ്ഞാനരൂപമാണ്.ഭാഷ അതിന്റെ ഉപാധിയും അനുഭൂതി അതിന്റെ വിനിമയമാര്‍ഗവുമാണ്.മറ്റെല്ലാം ഉപാദാനങ്ങള്‍മാത്രം.

4.       സ്ത്രീ - ദളിത്‌ -പരിസ്ഥിതി സിദ്ധാന്ധങ്ങളുടെ ലേബലൊട്ടിച്ച്  കവിതയെ അളന്നെടുക്കുന്ന കാവ്യനിരൂപണ രീതി ഏതാണ്ട് തോര്‍ന്നമട്ടാണ്  പുതുകവിതയിലെ ബഹുസ്വരതയെ സമീപിക്കാന്‍ നമ്മുടെ നിരൂപണത്തിന് കഴിയാതെ പോകുന്നുണ്ടോ ?

  രാജു ഇരിങ്ങല്‍ :- നിരൂപണ സാഹിത്യം മലയാളത്തില്‍ ദുര്‍ബലമായാണ് നിലനില്‍ക്കുന്നത്. അതു കൊണ്ട് തന്നെ കവിതയില്‍ പുതിയ കണ്ടെത്തെലുകളൊന്നും നടക്കുന്നുമില്ല. ഇന്നത്തെ ഏതൊരു നിരൂപണ ഭാഷയും കണ്ടെടുക്കുന്നത് കവിതയില്‍ അടയാളപ്പെടുത്തുന്ന മുസ്ലീം നാമവും അതില്‍ ന്യൂന പക്ഷ ഭൂരിപക്ഷ വര്‍ഗ്ഗീയതയുമുണ്ടെന്ന ചില ആരോപണങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോഉകയാന് ചെയ്യുന്നത്. എന്നാല്‍ സ്ത്രീ- ദളിത്- പരിതസ്ഥിതി കളെ സൂക്ഷ്മായ് വേര്‍തിരിച്ചെടുക്കുന്ന കാവ്യ രീതി ഇന്നും നിലനില്‍ക്കുന്നുണ്ടെന്നാണ് എന്‍ റെ പക്ഷം. മറ്റൊരര്‍ത്ഥത്തില്‍ ‘പെണ്ണെഴുത്ത്’ എന്ന് വിളിക്കുന്ന തരത്തിലുള്ള കാവ്യ നിരൂപണ രീതി തീര്‍ത്തും ഇല്ലാതായിരിക്കുകയും ബഹുസ്വരതയെ സമീപിക്കുകയും പെണ്ണെഴുത്ത് സ്ത്രീ എഴുത്തുകാരില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്ന കണ്ടെത്തലുകളുമാണ് നടക്കേണ്ടത്.

മുല്ലപ്പെരിയാറ് വിഷയത്തില്‍ രണ്ട് സംസ്ഥാനങ്ങളെ എങ്ങിനെ ധ്രുവീകരണത്തിലേക്ക് കൊണ്ടെത്തിക്കാം എന്ന് നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. അതു പോലെ ദളിതരുടെ സമരങ്ങള്‍ ശക്തി പ്രാപിക്കുന്നതായ് കേരള സമൂഹം തിരിച്ചറിയുകയാണ് ചെയ്യുന്നത്. ഭൂ‍മി പിടിച്ചടക്കലും, പ്ലാച്ചിമട സമരവും ളോഹ ഗോപാന്‍ റെ നേതൃത്വത്തിലുള്ള സമരങ്ങളും തുടങ്ങി പ്രാദേശികമായ കൂട്ടായ്മകള്‍ ഊര്‍ജ്ജം സംഭരിക്കുന്നു എന്നു വേണം നമ്മള്‍ കരുതാന്‍. അതുകൊണ്ടാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ് നാട്ടിലെ തേനി പോലുള്ള പ്രദേശങ്ങളില്‍ പ്രാദേശികമായ വിപ്ലവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതും നക്സല്‍ നേതൃത്വം ഇഴപിരിഞ്ഞു നില്‍ക്കുന്ന ബൂര്‍ഷ്വാ രാഷ്ട്രീയത്തെ അകറ്റി നിര്‍ത്തി അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും. ഇങ്ങനെ കവിതയേയും ചില പ്രാദേശിക ലേബലൊട്ടിക്കലുകള്‍ നിരൂപകര്‍ തുടര്‍ന്നു കൊണ്ടിരിക്കുക തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ പുതുകവിതയിലെ എന്നല്ല മലയാളത്തിലെ എല്ലാ നിരൂപണ സാഹിത്യവും പുതുക്കിപ്പണിയുകയൊ ബഹുസ്വരതെയെ കണ്ടെടുക്കുകയൊ ചെയ്യേണ്ടത് അത്യാവശ്യം തന്നെ.

പി.എന്‍ ഗോപികൃഷ്ണന്‍ : മലയാളത്തില്‍ അത്തരം വിഷയങ്ങള്‍ അവസാനിച്ചു എന്നു പറയുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. സ്ത്രീയുടെ, കീഴാളരുടെ ലോകവീക്ഷണം മിണ്ടാനാരംഭിച്ചിട്ടേയുള്ളൂ. മിണ്ടാന്‍ പറ്റാതിരുന്നവര്‍ മിണ്ടിത്തുടങ്ങിയപ്പോള്‍ വിക്കുന്നു എന്ന് പരാതി പറയുന്നവര്‍ ചരിത്രം അട്ടിമറിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്.
എന്നാല്‍ സാങ്കേതികവികാസത്തിന്റെ, പ്രത്യേകിച്ചും കമ്പ്യൂട്ടറിന്റെയും മറ്റും വികാസത്തിന്റെ ഫലമായി ഉടലെടുത്ത ഒരു ഉപകരണാത്മക ഭാഷയുണ്ട്. കമ്പ്യൂട്ടറിന് ഏറ്റവുമെളുപ്പത്തില്‍ ചെയ്യാനാകുന്ന ഒരു ക്രിയ വര്‍ഗ്ഗീകരണമാണ്. അങ്ങനെ ഉപകരണാത്മക ഭാഷയുടെ ഫലമായി കവിതയില്‍ കടന്നുവന്ന ഒരു വര്‍ഗ്ഗീകരണ പ്രവണതയുണ്ട്. ഇവയെ തമ്മില്‍ വേര്‍തിരിച്ചറിയുക വളരെ പ്രധാനമാണ്. തീവണ്ടിയില്‍വെച്ച് സൌമ്യ ആക്രമിക്കപ്പെടുമ്പോള്‍ അതിനുചുറ്റും ഭയാനകമായവിധം പ്രതികരണശേഷി ഇല്ലാതായിപ്പോയ പുരുഷലോകം ഉണ്ട്. ഉത്പാദനത്തേക്കാള്‍ മാലിന്യം അധികരിക്കുന്ന ഒരു ലോകത്തിന്റെ പേടിപ്പെടുത്തുന്ന വര്‍ത്തമാനത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ദളിത് ശവശരീരങ്ങള്‍ക്ക് അടങ്ങാന്‍ ഒരുതുണ്ട് ഭൂമിയില്ലാതെ വരുന്ന സാമൂഹ്യവ്യവസ്ഥയാണ് നാം ശ്വസിക്കുന്നത്. അപ്പോള്‍ എങ്ങനെയാണ് ആ പ്രമേയങ്ങള്‍ നിലയ്ക്കുക.
മലയാളത്തിലെ കാവ്യനിരൂപണം അങ്ങേയറ്റം ബലഹീനമാണ്. ഇപ്പോള്‍ മാത്രമല്ല, ആധുനികതയുടെ കാലത്തും. കെ.പി. അപ്പന്റെയും മറ്റും കാവ്യനിരൂപണം, കാലത്തെപ്പറ്റിയുള്ളതൊക്കെ, വായിച്ചാല്‍ ചിരിവരും. തുടര്‍ന്നിങ്ങോട്ട് ഇ.വി. രാമകൃഷ്ണനും പി. ഉദയകുമാറുമൊക്കെ ഗൌരവതരമായ ഉദ്യമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍പ്പോലും പൊതുവേ ദീനംപിടിച്ചതാണ് മലയാള കാവ്യനിരൂപണം. സജയ് കെ.വി.യെപ്പോലുള്ള പുതിയ എഴുത്തുകാരെ കാലം ഉറ്റുനോക്കുന്നത് അതുകൊണ്ടാണ്. അവര്‍ തെളിയിക്കുന്നത് നോക്കിയിരിക്കുന്ന ഒരു സംസ്കാരപാരമ്പര്യം ഇവിടുണ്ട്.

രോഷ്നി സ്വപ്ന : കവി ജീവിക്കുന്ന കാലം പ്രസക്തമാണ്.ആശയപരമായ കലാപങ്ങളും, വിഷമതകളും ,പ്രതിസന്ധികളും ആണ് കവിയേ രൂപപ്പെടുത്തുന്നത്.ഇന്ന് അനക്കമില്ലാത്ത ഒരു അവസ്ഥയാണ് അതിനപ്പുറത്ത് സംഭവങ്ങള്‍.... കലാപങ്ങള്‍...... ചോദ്യം ചെയ്യലുകള്‍..... തുടങ്ങി യവയൊക്കെ ആവശ്യമാണ്‌.ഇന്ന് നമുക്ക് വഴികള്‍ മാഞ്ഞു പോകുകയാണ്....ഭാഷ തന്നെ ഇല്ലാതാകുകയാണ്.
സ്ത്രീ...ദളിത്‌... പരിസ്ഥിതി എന്നൊക്കെ പറഞ്ഞു കവിതയെ ഓരോ ചട്ടക്കൂടില്‍ ഒതുക്കരുത്‌ എന്ന ആഗ്രഹം ഉണ്ട്.പുതു കവിത വ്യത്യസ്തമായ അനുഭവങ്ങളെ പ്രതിനിധാനം ചെയ്യുന്നുണ്ട്.കല്ലും പുല്ലും കടുവയും മേഘവും മണലും ആദിവാസിയും ആഘോഷവും വെള്ളപ്പൊക്കവും ഇന്ന് കാവ്യവിഷയങ്ങള്‍ ആണ്. സങ്കീര്ന്നതകളുടെ കാലത്താണ് പുതുകവിതയുടെ സ്ഥാനം.ഇവയെ അടയാളപ്പെടുത്തുന്ന കവിയെ പുതിയ ഭാവുകതെവതോടെ വേണം സമീപിക്കാന്‍ കവികളെ ഭയ ഭക്തിയോടെ പിന്തുടരുന്ന വിമര്‍ശകരുടെ സ്ഥാനം ഒഴിഞ്ഞു.പുതിയ നിരൂപണ രീതി ആവശ്യമാണ്‌.പുതിയ തലമുറയുടെ പോരായ്മകളെ എഴുപതുകളുടെ വലിപ്പം കാട്ടി പുചിക്കുന്ന ഇപ്പോള്‍ ,പ്രായമായ അന്നത്തെ യുവത്വങ്ങളുടെ തീരാവ്യഥയാണ് ,വേണം ഒരു പുതു നിരൂപണം .

  എല്‍ .തോമസ്‌ കുട്ടി : കേരളത്തിലെ ജ്ഞാനവ്യവസ്ഥ ഇന്നും വൈരുദ്ധ്യാധിഷ്ടിതമാണ്.രണ്ടാണ് അതിന് പ്രമാണം. നല്ലത്/ചീത്ത,വെളുപ്പ്/കറുപ്പ് എന്നല്ലാതെയുള്ള വിചിന്തനശേഷിയില്ല. ഖണ്ഡന/മണ്ഡനങ്ങള്‍ക്കും ഇംപ്രഷണിസ്റിക്കുനിരൂപണത്തിനുംപരിനിഷ്ട സാമൂഹ്യശാസ്ത്രത്തിനും ഉപരിയായ കാവ്യാ വിചാരമാതൃക ഇവിടെ ഇനിയും പ്രബലപ്പെട്ടിട്ടില്ല.
(ദളിത്- സ്ത്രീ പരിസ്ഥിതി സൌന്ദര്യവിചാരങ്ങളുടെ പ്രസക്തിയെ ഞാന്‍ തള്ളിപ്പയറയുന്നില്ല)-

5. വൃത്ത- താള ബദ്ധമായ പാരമ്പര്യ വഴക്കങ്ങളുടെ വീണ്ടെടുപ്പ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പുതിയ കവിതകളിലൂടെ ആഘോഷിക്കപെടുന്നുണ്ടോ ?

പി.എന്‍ ഗോപികൃഷ്ണന്‍ :  ശ്ളോകം എന്ന പ്രാചീനരൂപത്തെ പുതുക്കിയെഴുതുക എന്ന ദൌത്യം ബാലചന്ദ്രന്‍ ചുള്ളിക്കാട് വളരെ നേരത്തെത്തന്നെ ഏറ്റെടുത്തിട്ടുണ്ട്. താതവാക്യം, മാനസാന്തരം തുടങ്ങിയ കാലം മുതല്‍. ബാലചന്ദ്രന്റെ പ്രതിഭ മലയാളകാവ്യപാരമ്പര്യത്തില്‍ ഇടപെടുന്ന ഒരുതലം ഇതാണ്. ഏറെക്കുറെ സഫലമായി അദ്ദേഹം അത് അനുഭവിക്കുന്നുണ്ട്. അപൂര്‍വ്വവൃത്തങ്ങളുടെ ചക്രങ്ങളുടെ തുരുമ്പ് തൂത്ത് അവയെ സഞ്ചാരത്തിന് പ്രാപ്യമാക്കും പോലുള്ള പ്രവൃത്തിയാണിത്.
ബാലചന്ദ്രന്റെ കവിതയുടെ ബലദൌര്‍ബ്ബല്യങ്ങള്‍ അന്വേഷിക്കേണ്ടത് ഇത്തരം വസ്തുതാവിരുദ്ധതകളുടെ ഇടത്തല്ല. കവിതയുടെ ദര്‍ശനതലത്തിലാണ് എന്ന് വിചാരിക്കുന്നു.

എല്‍ .തോമസ്‌ കുട്ടി : കാവ്യ ശിക്ഷണം ഒരു മോശം കാര്യമല്ല..ഏതുതൊഴിലിനും പ്രകാശനത്തിനും അഭ്യാസവും വ്യുല്പത്തിയുമൊക്കെ ആവശ്യമാണെന്നിരിക്കെകവിതയ്ക്കു മാത്രമെങ്ങനെയാണത് വര്‍ജ്ജ്യമാവുക.
അതൊരുവഴിയാണ്,വളമാണ്.വളം ഫലം എന്നു ധരിക്കുന്നിടത്താണ് കുഴപ്പം.
ഇന്നും കാവ്യചര്‍ച്ചയില്‍ വൃത്തത്തെക്കുറിച്ചു പറയുന്നതാണ് വൃത്തികേട്.

ബാലചന്ദ്രന്‍ ചുള്ളിക്കാട് 
രാജു ഇരിങ്ങല്‍ :- ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ വിമര്‍ശിക്കുക എന്നത് (കവിതയെ അല്ല) പുതിയ ചില കീഴ്വഴക്കമായി മലയാള കവിതാ എഴുത്തുകാരില്‍ കടന്നു കൂടിയ കാന്‍സര്‍ ആണ്. മാത്രമല്ല ഈ ഒരു രീതിയില്‍ വൃത്ത താളബന്ധമായ പാരമ്പര്യ വഴക്കങ്ങളുടെ വീണ്ടെടുപ്പ് എന്ന രീതിയിലല്ല ചുള്ളിക്കാടിന്‍ റെ കവിതകളെ സമീപിക്കേണ്ടത്. അതാണ് ഞാന്‍ നേരത്തെ പറഞ്ഞത് തീര്‍ത്തും ബലക്ഷയം സംഭവിച്ച സാഹിത്യ ശാഖയാണിന്ന് മലയാള്നിരൂപണ സാഹിത്യം. കവിതയിലെ ദര്‍ശനങ്ങളുടെയും രീതികളുടെയും ആശയങ്ങളുടെയും ഇഴകീറി പരിശോധിക്കുവാന്‍ സമകാലിക നിരൂപണ സാഹിത്യം തയ്യാറാവുന്നില്ല. മറ്റൊരര്‍ത്ഥത്തില്‍ കവിതയിലെ ശിക്ഷണം ഇന്നത്തെ സമകാലിക എഴുത്തുകാര്‍ക്ക് ശീലിക്കേണ്ട ഒരു കാര്യമാണ്. വൃത്തവും താളവും പഠിക്കുന്നത് പുതുകവിതയെ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ശിക്ഷണം കൊണ്ട് മാത്രം ഒരാള്‍ കവിയാകുമെന്ന് കരുതുകയും വേണ്ട.മനുഷാസ്തിത്വത്തില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളെക്കുറിച്ചുള്ള അവബോധത്തില്‍ നിന്നും പേടിച്ചു പേടിച്ച് വരുന്ന ബിംബങ്ങളാണ് ചുള്ളിക്കാടിന്‍ റെ കവിതയില്‍ എന്ന് സച്ചിദന്ദന്‍ മാഷ് എഴുതുകയുണ്ടായി. “ഭീഷണമായ കണ്ണുകളുള്ള ചന്ദ്രന്‍, അഴുകിയ ശവത്തിന്‍ റെ രൂപം കൈക്കൊള്ളുന്ന ആകാശം - എന്നൊക്കെ എന്തിനാണ് യൂഗോ എഴുതിയത് ? രഹസ്യത്തെ കുറിച്ചുള്ള ഭീതിയാണ് യൂഗോയുടെ ബിംബ സൃഷ്ടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ബാലചന്ദ്രന്‍റെ ബിംബങ്ങളിലും ഈ സ്വഭാവം നാം കാണുന്നു”
അതു കൊണ്ട് തന്നെ ഈ ഒരു തലത്തില്‍ ദര്‍ശന പരതയില്‍ വേണം ചുള്ളിക്കാടിനെയും കവിതകളേയും വിലയിരുത്താന്‍.

രോഷ്നി സ്വപ്ന  വൃത്തം അറിയാതെ ആണ് പുതുകവികള്‍ എഴുതുന്നത്‌ എന്ന ധാരണ തെറ്റാണ്. ആഗോള കാലത്തെ വിദ്യാര്‍ഥികള്‍ക്ക്  പഴയ കവികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നത് ഈ പുതുകവികളില്‍ ചിലര്‍ എങ്കിലും ആണ്. പുതിയ ലോകത്തിനു എഴുത്ച്അച്ഛനോ  അക്കിതത്തിനെയോ അറിയില്ല .ഞങ്ങള്‍ അടക്കമുള്ളവര്‍ പറയുമ്പോള്‍..... ഇങ്ങനെ ചിലരുണ്ടോ എന്ന് പുതിയ പഠിതാക്കള്‍ ക്ളാസ് റൂമുകളില്‍ അന്തം വിട്ടു കണ്ടിട്ടുണ്ട്. ഈ പുതുകവികളെ ആണ് വൃത്തം അറിയില്ല എന്ന് അടച്ചു ആക്ഷേപിക്കുന്നത് കേള്‍ക്കാര്. കഷ്ടം എന്നെ പറയു .വൃത്തം അറിഞ്ഞു കൊണ്ട് വൃത്തത്തെ ഭേദി ക്കുന്നവരാണ് പുതുകവികളില്‍ ഏറിയ കൂറ്,. നല്ല ഗദ്യത്തിലും വൃത്തമുണ്ട്, നാം അത് കണ്ടു പിടിക്കണം .അത് കവിയുടെ ജോലി അല്ല. വിമര്‍ശകന്റെ ജോലി ആണ്.വൃത്തം നല്ലതാണ്. പക്ഷെ വൃത്തം ഇല്ലാതെ എഴുതിയ കവിതകളെ ക്കാള്‍ വൃത്തത്തിലെഴുതിയ നൂറു പൊട്ടാ കവിതകള്‍ നമുക്ക് കാണാം.വൃത്തം ഒരു താള ബോധം ആണ്.ഒരു ചിട്ടയാണ്.ഗദ്യത്തിനും ഇതെല്ലാം ബാധകം ആണ് .ചുള്ളിക്കാട് ഗദ്യത്തില്‍ എഴുതിയാലുല്‍ പദ്യത്തില്‍ എഴുതിയാലും അദ്ദേഹത്തിന്റെ കവിതയില്‍ നീതിബോധത്തിന്റെ ഒരു വലിയ ലോകം ഉണ്ട്.ആര്‍ക്കും അനുകരിക്കാന്‍ ആകാത്ത ഒരു പ്രപഞ്ചം.ഗദ്യ,പദ്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉള്ള കവി ആണ് അദ്ദേഹം.മനുഷ്യനെ കുറിച്ചാണ് അദ്ദേഹത്തിന്റെ കവിതകള്‍. അതിലെ വൃത്തം അല്ല ,കവിതയാണ് ആഘോഷിക്കപ്പെടെണ്ടത് . വൃത്തം എന്നത് ആഘോഷിക്കപ്പെടെണ്ട ഒന്നല്ല. വേണമെങ്കില്‍ സ്വീകരിക്കേണ്ട ഒരു രീതി മാത്രം ആണ്.

6. "സച്ചിദാനന്ദന്‍ ,കെ ജി .ശങ്കരപിള്ള,ഡി .വിനയചന്ദ്രന്‍ എന്നിവര്‍ പുതുകവിതയെ ഹൈജാക്ക് ചെയ്യുന്ന ഒന്നാന്തരം കാവ്യനിര്‍മാണ ഫാക്ടറികളാണ് "ഈ ഒരു വിമര്‍ശനത്തോടുള്ള പ്രതികരണം എന്താണ് ?

പി.എന്‍ ഗോപികൃഷ്ണന്‍  ഇത്തരം കമന്റുകള്‍ കവിത വായിക്കാത്ത കാലത്തു മാത്രമുണ്ടാകുന്ന ഒന്നാണ്. വിമര്‍ശകന്‍ കവിത വായിക്കേണ്ട ആവശ്യമില്ല എന്ന നിലവരുന്നത് ദയനീയമാണ്. പല്ലുകൊഴിഞ്ഞ സിംഹം അതിന്റെ യൌവനത്തെ ഓര്‍ക്കുംപോലെ ഒടിഞ്ഞുമടങ്ങിക്കിടക്കുന്ന നിരൂപകന്‍ ചില ഒച്ചകളുണ്ടാക്കി ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രദ്ധിക്കുന്നപോലെയാണ് ഈ കമന്റ്.
സച്ചിദാനന്ദനും കെ.ജി. ശങ്കരപ്പിള്ളയും ഡി. വിനയചന്ദ്രനും അവരവരുടെ രീതിയില്‍  എഴുതിക്കൊണ്ടിരിക്കുന്നു. ഏതാണ്ട് നാലു പതിറ്റാണ്ടുകള്‍ നീണ്ട അവരുടെ കാവ്യസപര്യകള്‍ പലതരത്തിലുള്ള വ്യതിയാനങ്ങളിലൂടെ ആ കവിതകള്‍ കടന്നുപോയിട്ടുണ്ട്. അവയെ വായിച്ച് മനസ്സിലാക്കി വിമര്‍ശിക്കുന്നതിനു പകരം "ഫാക്ടറി'' എന്ന യാന്ത്രികരൂപം ഉപയോഗിച്ച് അവയെ റദ്ദാക്കാം എന്നത് വ്യാമോഹമാണ്. ഇങ്ങനെയുള്ള കുറുക്കുവഴികള്‍ എന്നുപേക്ഷിക്കുന്നുവോ അന്ന് യുവകവിത തെളിയും. സത്യസന്ധമാകും. വാചകമേളയില്‍ ചേര്‍ക്കാനുള്ള വാചകനിര്‍മ്മാണ ഫാക്ടറികളാകരുത് യുവവിമര്‍ശം.
കെ .ജി .ശങ്കരപിള്ള 

രോഷ്നി സ്വപ്ന   കാവ്യ ഭാവുകത്വം വേണ്ടു വോളം ഉള്ള രണ്ടു കവികള്‍ ആണ് കെ.ജീ എസ്സും ,സച്ചിദാനന്ദനും .മലയാളത്തിലെ പ്രധാനപ്പെട്ട കവികള്‍ ആണ് അവര്‍ എന്നതില്‍ തര്‍ക്കമില്ല.എഴുപതുകള്‍ മലയാളത്തിനു തന്ന ഊര്‍ജ്ജങ്ങള്‍  :നിരന്തരമായ മാറ്റങ്ങളിലൂടെ കെ.ജീ എസ് എഴുതിക്കൊണ്ടേ ഇരിക്കുന്നു.സച്ചിദാനന്ദന്‍ ആണെങ്കില്‍ ഓരോ ഘട്ടത്തിലേയും പുതു തരംഗങ്ങളെ ആവിഷ്കരിക്കുന്ന കവി ആണ്.എക്കാലത്തെയും കവികള്‍ ആണ് ഇവര്‍ .ഉത്കന്ടയുടെയും വ്യധകളുടെ പ്രതികരണങ്ങള്‍ അല്ല സച്ചിദാനന്ദന്റെ കവിതകള്‍ എങ്കിലും നിലവില്‍ ഉള്ള മാറ്റങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നു. അദ്ദേഹതിന്റെ സവിശേഷതയാണ് അത്.
കെ ജീ എസ്സിന്റെ കവിതകളില്‍ കാവ്യഭംഗി ഉണ്ട്....രാഷ്ട്രീയം ഉണ്ട്......ലോകം ഉണ്ട്.പുതിയ കവികള്‍ക്ക് മറികടക്കാനാകാത്ത വിധം ഇവര്‍ കവിതയെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നു..

എല്‍ .തോമസ്‌ കുട്ടി : മലയാളിസംസ്കാരത്തിന്റെ മുഖ്യരൂപകം മാലിന്യമാകുന്നു..അതിന്റെ പ്രവര്‍ത്തനരീതി ശുദ്ധംചെയ്യലാകുന്നു.കുളിച്ചും തളിച്ചും ജപിച്ചും പടിയടച്ചും ആട്ടിയോടിച്ചും ചരിത്രത്തില്‍ നമ്മള്‍ ശുദ്ധികലശം നടത്തി.അന്നത്തേക്കാള്‍ മാലിന്യം കുന്നുകൂടിയ വര്‍ത്തമാനകാലത്ത് വീട് വൃത്തിയാക്കാന്‍വേണ്ടി അയലത്തെപുരയിടത്തിലേയ്ക്ക് നിസ്സങ്കോചം നമ്മള്‍ മാലിന്യം വലിച്ചെറിയുന്നു. .അവിടെയുമിടമില്ലെങ്കില്‍ വഴിവക്കിലേയ്ക്ക്.അത്തരമൊരുസാംസ്കാരിക സ്വത്വവാദത്തിലേയ്ക്ക് കവിതയും എത്തപ്പെടേണ്ടതില്ല..കാരണം കേരളം വളരെചെറിയ ഒരുഭൂപ്രദേശമാണ്.

ഡി .വിനയചന്ദ്രന്‍ 
രാജു ഇരിങ്ങല്‍ :-  തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള കാവ്യചരിത്രം മെടുത്ത് പരിശേധിച്ചാല്‍ ഒരു പരിധിവരെ ചോദ്യത്തില്‍ പറഞ്ഞ മൂന്ന് പേരുകളുടെ കവിതകളുടെ ഡ്യൂപ്ലിക്കേറ്റ് കാവ്യ നിര്‍മ്മാണ് ഫാക്ടറികള്‍ ഉണ്ടായി എന്ന് സമ്മതിക്കുന്നതില്‍ നാണക്കേട് തോന്നിയിട്ട് കാര്യമൊന്നുമില്ല. പുതുകവികള്‍ ഈ കവികളുടെ വാക്കുകള്‍ക്ക് അമിതമായ പ്രാധാന്യം കൊടുക്കുകയും അത്തരം കാവ്യ നിര്‍മ്മാണ ഫാക്ടറികള്‍ സ്ഥാപിക്കുകയും ചെയതതില്‍ പുതുകവികളെ മാത്രമേ കുറ്റം പറയാന്‍ പറ്റൂ. അതുകൊണ്ട് തന്നെ പുതുകവിത ഹൈജാക്ക് ചെയ്യുന്നത് സച്ചിദാന്ദനെയും കെ ജി എസ്സിനേയും വിനയചന്ദ്രന്‍ മാഷേയുമായിരുന്നു എന്ന് പറയാം. എന്നാല്‍ സൈബര്‍ മേഖലയുടെ കടന്നുവരവ് ലോക സാഹിത്യവുമായി ഇടപെടാനുള്ള ബഹുമുഖമായ സാധ്യതകള്‍ തുറന്നിടുന്നത് കൊണ്ട് തന്നെ ഇത്തരം ഹൈജാക്ക് എന്ന വിശേഷങ്ങളൊക്കെ അപ്രസക്തമാവുകയും ലോക കവിതയുടെ മുഖങ്ങള്‍ മലയാളത്തിലും ദര്‍ശിക്കാന്‍ സാധിക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.


നസീര്‍ കടിക്കാട്‌  ചര്‍ച്ചയില്‍ ചേരുന്നു  

ആറു ചോദ്യങ്ങൾ

ഉത്തരങ്ങൾ ഉത്തരങ്ങൾ
ആർക്കെങ്കിലും വേണോ...വേണോ ?


1
ഈ കാലം അത്രയ്ക്കു വലിയ കാലമൊന്നുമല്ല


ആദ്യത്തെ പൊന്മ, ആദ്യത്തെ പുഴയിലെ, ആദ്യത്തെ നനവിനോട് ചോദിച്ചു :
“ജലമേ നീ അവിടെ എന്തെടുക്കുകയാണ്?”
നനവു പറഞ്ഞു :
“പുഴയുടെ നീളമളക്കുകയാണ്”
പൊന്മ കാറ്റിനു ചിന്തേരിട്ടു പറന്നു പോയി.
എന്നും കാറ്റു കടഞ്ഞെത്തുന്ന പൊന്മകള്‍ ചോദിക്കും :
“നീളമെത്രയാണ്?” 
പണിക്കുറതീര്‍ന്ന കളിമീനുരുവങ്ങള്‍ ചുണ്ടില്‍ തിരുകിക്കൊടുത്തുകൊണ്ട് നനവു പറയും :
“അളക്കുന്നതേയുള്ളു.”

ആദ്യത്തെ ചുംബനം, ആദ്യത്തെ ചുണ്ടിനോടും ചോദിച്ചു :
“നിന്റെ ചെരിവില്‍ ഞാന്‍ എത്ര ചാലുകള്‍ കൊത്തണം?”
ചുണ്ടു പറഞ്ഞു : “ആവോളം”
ഓരോ ചാലും പുഴയായി, പുഴകള്‍ കടലായി, കടല്‍ ഇരമ്പി;
ഉടല്‍ വാര്‍ത്ത കരു കടല്‍ച്ചൂളയില്‍ തിരയായ് പൊന്തി
ഉളിപ്പല്ലുകള്‍ ഇറങ്ങി വന്ന് മുങ്ങിത്താണുകൊണ്ടിരുന്ന ചുംബനത്തെ വിഴുങ്ങി.
ഇപ്പൊഴും കേള്‍ക്കാം തീരങ്ങളില്‍ ഉളിപ്പല്ലു മുട്ടുന്ന ചിരി.
ചെരിവുകളില്‍ ചുംബനം കൊത്തുന്ന കരച്ചില്‍.

ഹവ്വയുടെ കല്ലറയോടു ചേര്‍ന്നു കിടന്ന് ആദാമിന്റെ കല്ലറ മന്ത്രിച്ചു :
“നീ കേള്‍ക്കുന്നില്ലേ, പട്ടണപ്പല്ലെടുക്കുന്ന ക്രയിനുകളുടെ ശബ്ദം?”
“ഇല്ല, ഞാന്‍ കേള്‍ക്കുന്നത് നിന്റെ തുമ്പികള്‍
നമുക്കിടയിലെ കല്ലെടുക്കുന്ന ശബ്ദം.”

(അനാദിശില്പങ്ങൾ-അൻ‌വർ അലി )


കവി എന്ന വിളിപ്പേര് അത്രയ്ക്കു വലിയ കാര്യമൊന്നുമല്ല


കാലഹരണപ്പെടുന്നുണ്ടോ എന്നറിയാനായി
എന്റെ പഴയ കവിതകള്‍
ഞാന്‍ വീണ്ടും വീണ്ടും വായിച്ചു നോക്കി

അപ്പോള്‍
ഒരിഷ്‍ടം ചോരതുപ്പുകയും
ഒരു രാത്രി ചീഞ്ഞു നാറുകയും
ചന്ദ്രകിരണങ്ങള്‍ നുരഞ്ഞു പുളിച്ചു തുടങ്ങുകയും
ഓരോ ദിവസവും ഓരോ വരി അപ്രത്യക്ഷമാവുകയും
ജീവിത വൈരാഗ്യം വന്ന്‌
കവിതകള്‍ കൂട്ടത്തോടെ സന്യസിക്കാനിറങ്ങുകയും ചെയ്തു

മല‍ഞ്‍ചരുവില്‍ ഞാന്‍ കാറ്റുകൊണ്ടു
ഇരുണ്ടകലുന്ന കരകള്‍ താണ്ടി
കടലില്‍ കപ്പലലഞ്ഞു

ഒരിക്കലും കാലഹരണപ്പെടുകയില്ല
ഒന്നും ആവിഷ്കരിക്കാന്‍ കഴിയാത്തവന്റെ ദു:ഖം

(കനം-പി.രാമൻ )


വ്യഥ ആനന്ദം ആത്മാഭിമാനം ഇതൊന്നും നമ്മുടെ കൂടെയില്ല

‘മീൻ കുളിച്ചിടത്തോളം 
ഒരു ജന്തുവും കുളിച്ചിട്ടില്ല.
കഴുകിക്കഴുകി വൃത്തിയാക്കിയിട്ടും
മീനേ,
ഇനിയും എന്തിനാണ്‌
ജലത്തിൽ കിടക്കുന്നത്‌?
നിനക്കൊന്നു മുഷിഞ്ഞുകൂടേ?“
’മുഷിയാൻവേണ്ടി
ഞാൻ കരക്കുകയറിയപ്പോൾ
നീ കത്തിയുമായി 
ഓടി വരുന്നതു കണ്ടു”
‘കത്തികൾ അങ്ങനെയാണ്‌.
അതിരിക്കു കൈയിനെ
വൃത്തി കെട്ടതാക്കും.
മനസ്സിനെ ഗൂഢാലോചനയാക്കും.
മീനേ, ഞാനല്ല,
ഈ കത്തി
തലമുറകൾക്ക്‌ മുൻപ്‌
ആരോ വെച്ചു തന്നത്‌.
നിനക്ക്‌ ചെതുമ്പലുകളും ചിറകുകളും
വെച്ചു തന്ന മാതിരി.“
‘കത്തി കൈയിൽ വെച്ചുള്ള
നിന്റെ പശ്ചാത്താപത്തിന്‌
ഒരു ചേലുമില്ല.
നിന്റെ കുഞ്ഞുങ്ങൾ 
എന്തിന്‌, കൺമീനുകൾ പോലും
പേടിച്ചു പായുന്നു.“
എന്റെ കുഞ്ഞുങ്ങൾ *
എന്റെ കുഞ്ഞുങ്ങല്ല.
അവർ വേറെയെവിടെയോ
നിന്നു വന്നു
വേറെവിടേയ്ക്കോ പോകുന്നു.“
‘എന്നാൽ എന്റെകുഞ്ഞുങ്ങൾ
എന്നിൽ നിന്നു വന്നു.
ഈ കുളമല്ലാതെ
മറ്റൊരിട ത്തേക്കും പോകാനുമില്ല.“
‘കിടപ്പറയിൽ
പൂച്ചയുണ്ട്‌.
പൂമുഖത്ത്‌ തത്തയുണ്ട്‌.
ഉമ്മറത്ത്‌ നായുണ്ട്‌.
ഉളറയിൽ പെണ്ണുങ്ങളുണ്ട്‌.
സ്കൂളിൽ കുഞ്ഞുങ്ങളും. മീനേ
നിനക്കും തരാം
സ്വന്തമായി നാഴിവെള്ളം.
ഈ കുളം വിട്ടുവന്നാൽ“
‘ ഇണങ്ങിനിൽക്കാൻ
വാലിന്‌ നീളമില്ല
നക്കാൻ നാക്കുമില്ല.
ഏറ്റു ചൊല്ലാൻ പോയിട്ട്‌
പറയാൻപോലും ഭാഷയില്ല.
പോ മനുഷ്യാ
സമയം മിനക്കെടുത്താതെ.
നിന്റെ പാർട്ടിപ്പരിപാടി പറയാൻ
അൽപൻമാരുടെ ഭൂരിപക്ഷം
അംഗീകരിക്കാവുന്ന
ആരുടെയെങ്കിലും 
അടുത്തു ചെല്ല്‌.“

(അല്പന്മാരുടെ ഭൂരിപക്ഷം-പി.എൻ.ഗോപീകൃഷ്ണൻ)


2
മഹാകവി,കൊച്ചുകൊച്ചുകവി, നമുക്കിതൊന്നു വായിക്കാം


മൂഴിക്കലിനും കോഴിക്കോടിനും ഇടയില്‍
അങ്ങോട്ടുമിങ്ങോട്ടുമെല്ലാ ദിവസവും
വന്നുപോകുന്ന പലതരക്കാ‍രായ
അപരിചിതരെ
മൂഴിക്കലിനും കോഴിക്കോടിനും ഇടയില്‍
അങ്ങോട്ടുമിങ്ങോട്ടുമെല്ലാ ദിവസവും
വന്നുപോകുന്ന മറ്റൊരാള്‍ എന്ന നിലയില്‍
വലിയ ഇഷ്ടമായിരുന്നു ശശിധരന്,
സ്വവര്‍ഗാനുരാഗിയായി തെറ്റിദ്ധരിക്കപ്പെടാനിടയുള്ള
ഈ പ്രത്യേക സാഹചര്യത്തില്‍
മാനാഞ്ചിറ മൈതാനത്തിനു സമീപം
എത്തിപ്പെടുന്നതുവരെ

ആരുടേയോ വേലിയരികില്‍ നിന്ന്
എല്ലാവരുടേതുമായ റോഡിലേക്ക്
വളഞ്ഞുവളര്‍ന്നു നില്‍ക്കുന്ന
കൊന്നക്കമ്പ്
സൈഡ്സീറ്റിലിരിക്കുന്ന ഒരാളുടെ
മുഖത്ത് പെട്ടന്നുവന്നടിക്കുകയും
അയാള്‍ 
‘ഏതുമൈരനാണെടാ വേലിക്കപ്പുറത്ത്’
എന്നുണര്‍ന്നലറുകയും ചെയ്യുന്നതു പോലെ
‘സ്വവര്‍ഗാനുരാഗിയായി തെറ്റിദ്ധരിക്കപ്പെടാനിടയുള്ള
പ്രത്യേക സാഹചര്യം‘
എന്ന ബോധത്തിലേക്ക് 
കണ്ണുചിമ്മി തുറക്കുന്നതുവരെ
ഒരുമാതിരിപ്പെട്ട എല്ലാവരെയും
ശശിധരന് വലിയ ഇഷ്ടമായിരുന്നു

അതിനുമുമ്പുവരെ പക്ഷേ

മൂഴിക്കലിനും കോഴിക്കോടിനും ഇടയില്‍
അങ്ങോട്ടുമിങ്ങോട്ടുമെല്ലാ ദിവസവും
വന്നു പോകുന്ന പലതരക്കാരായ
എല്ലാ അപരിചിതര്‍ക്കും
ശശിധരനെയും
വലിയ ഇഷ്ടമായിരുന്നു

2

മറ്റെല്ലാ അപരിചിതര്‍ക്കും അതിനുമുമ്പ്
തന്നെയും ഇഷ്ടമായിരുന്നു
എന്ന രണ്ടുവരി 
തെളിവുകളുടെ അടിസ്ഥാനമില്ലാതെ
എഴുതാന്‍ കഴിയുന്നത്
കവിതയില്‍ മാത്രമാണെന്നും
കണ്ട കള്ളനും കൊലപാതകിക്കും
വെയിലുകായാനുള്ള
ചായ്പ്പാണ് 
ഈ കൊതുമ്പുവള്ളമെന്നും
ശശിധരന്‍ തര്‍ക്കിക്കുന്നു
ഉദാഹരണമായി
ഭാഷയിലെ അപ്രതീക്ഷിത അപകടങ്ങള്‍
എന്ന സ്വന്തം കവിത ഹാജരാക്കുന്നു -

പെട്ടന്ന് ചില വാക്കുകള്‍
അപ്രതീഷിത അര്‍ഥങ്ങളെ
ഉല്പാദിപ്പിച്ചു തുടങ്ങുമെന്ന്
അതിനുമുമ്പ്
അറിയാത്തതിനാല്‍,
ലളിത,
'ആരെങ്കിലും ചായയിടുമോ'
എന്ന സ്വാഭാവിക ചോദ്യം
എന്തുകൊണ്ടാണ് എല്ലാവരെയും
ചിരിപ്പിക്കുന്നത് എന്ന്
ആലോചിച്ചു തുടങ്ങി

ഇപ്പോള്‍ ആരും ആരോടും
ഒന്നും ആവശ്യപ്പെടാറില്ലെന്നും
എല്ലാവരും അവര്‍ക്കു വേണ്ടത്
സ്വയം ചെയ്യുകയാണെന്നും
സന്തോഷം തോന്നിയതിനാല്‍,
ലളിത,
സ്വയമെഴുന്നേറ്റ് ചായ ഉണ്ടാക്കുവാന്‍
ആരംഭിച്ചു

അര്‍ഥങ്ങളില്‍ നിന്ന് അംഗചലനങ്ങളിലേക്ക്
എത്രയനായാസമാണ്
കാര്യങ്ങള്‍ സഞ്ചരിക്കുന്നത്
എന്ന സന്തോഷത്തില്‍
ചിരിച്ചു കൊണ്ടിരുന്നവര്‍
കൂടുതല്‍ ഉച്ചത്തില്‍ ചിരിക്കുകയും,
ചായയിടുന്നത് നിര്‍ത്തി
ലളിത,
ചിരിക്കുന്നവരെക്കുറേനേരം
നോക്കിനില്‍ക്കുകയും
ചിരിക്കുന്നവര്‍ പിന്നെക്കുറേനേരം
ലളിതയെ നോക്കിനില്‍ക്കുകയും...
നിര്‍ത്ത് നിര്‍ത്ത്
വെറുതേ മൂഴിക്കലിനും കോഴിക്കോടിനും ഇടയില്‍
അങ്ങോട്ടുമിങ്ങോട്ടുമെല്ലാ ദിവസവും
വന്നുപോകുന്ന
മണകൊണാപ്പാ നിന്റെ അതിഭാഷണം
എന്നു നിങ്ങളുടെ പ്രിയപ്പെട്ട
ആഖ്യാതാവ് ഇടപെടാതിരിക്കുന്നത്
എങ്ങനെയാണ് 
ഈ സന്ദര്‍ഭത്തില്‍?
എത്ര ദിവസമെന്നു വെച്ചാണ്
റോഡിലേക്ക് ഈ കൊന്നക്കമ്പ്
നീണ്ടുകിടക്കുന്നത് സഹിക്കുക?

അതിനാല്‍,
നിങ്ങളുടെയേവരുടെയും
അനുവാദത്തോടുകൂടി

നിര്‍ത്ത് നിര്‍ത്ത്
മാ‍നാഞ്ചിറ മൈതാനമേ
മനുഷ്യര്‍ക്കു ചുറ്റുമുള്ള
പതിയിരിപ്പുകള്‍
നിര്‍ത്ത് നിര്‍ത്ത്
തൊപ്പിയില്‍ നിന്നൊരായിരം
കവിത പാറിക്കും
നിന്റെ
നാട്ടുപൊയ്പേച്ചുകള്‍

നിര്‍ത്ത് നിര്‍ത്ത് ശശിധരാ
കൊതുമ്പുവള്ളമുപേക്ഷിക്ക

നടക്ക്

(ശശിധരനും ഞാനും തമ്മിലില്ലാത്തത് എന്താണ്?-ലതീഷ് മോഹൻ )


3
പുതുകവിത - കടങ്കഥ - സൌന്ദര്യം


വിചിത്രവും 
അതിലേറെ
വിസ്മയകരവുമായ
ഒരു പണിയാണ്
ഇന്ന് രാവിലെ
ദൈവം തന്നത്

മുറിയില്‍ നിന്നിറങ്ങുക

വലത്തോട്ടു നടന്നു
ഒരിക്കല്‍ക്കൂടി
വലത്തോട്ടു തിരിയുമ്പോള്‍
ആദ്യം കാണുന്ന
ആമ്പമരത്തിന്റെ
പതിനാലാമത്തെ ചില്ലയുടെ
ആയിരത്തിപ്പതിമൂന്നാമാത്തെ
ഇലയില്‍ 
ഒരു ദേശാടനക്കിളിയുടെ
കാഷ്ഠത്തിന്റെ കറയുണ്ട്.
അത്
ഉമിനീര് കൊണ്ട്
കഴുകുക.

അത് ചെയ്തു

ഇടത്തോട്ടു നടക്കുക
പതിനാറാമത്തെ വില്ലയുടെ
കിഴക്കേ അതിരില്‍
കെട്ടിയ്ക്കാത്ത
ഒരു ഈത്തപ്പന 
നില്‍പ്പുണ്ട്.

അതിന്‍റെ 
മുകളിലത്തെ
12 പട്ടകളൊഴിച്ച് 
താഴെയെല്ലാം
പച്ച പോയി 
മരിച്ചിരിക്കുന്നു.

വിയര്‍പ്പോ 
കണ്ണീരോ
കൊടുത്ത്
ഇളം പച്ചയാക്കുക.

അതുമായി

നേരെ നടന്ന് കാണുന്ന
കലുങ്കിന്റെ 
അടിവശത്ത്
ഒരു
കുഞ്ഞാല്‍മരം 
കിളിര്‍ത്ത് വരുന്നുണ്ട്.

ഒരുമ്മ കൊടുത്ത്
അവളെ
അമ്മയാക്കുക.

ഹോ
പിന്നെയും
ഈ 
ദൈവത്തിന്റെ
ഒരു കാര്യം.


(പിന്നെയും ഈ ദൈവത്തിന്റെ ഒരു കാര്യം-കുഴൂർ വിത്സൻ )


4
പെണ്ണ് ദളിത് ബഹുസ്വരം ഇത്യാദി


ഒന്നാമത്തേത്.
കുളിമുറിയുടെ മണം
സോപ്പുമണം പരത്തുന്ന
ആവിയില്‍
വിങ്ങിനില്‍ക്കുന്നു,
കുളിമുറി
ഞാന്‍ കടന്നുചെന്നിട്ടും
വെള്ളം തുറന്നിട്ടും
അറിയാതെ
ആരോ
കുളിച്ചിറങ്ങിപ്പോയതിന്റെ
ഓര്‍മ!
**
രണ്ടാമത്തേത്.
കിളി, ആകാശത്തോട്
ആകാശമേ
മഴവന്നാലും
നീയെന്റെ ചിറകെഴുത്തുകള്‍
ഓര്‍ത്തിരിക്കണേ

കുഞ്ഞുങ്ങള്‍ കുട നിവര്‍ത്തുമ്പോള്‍
അതിനുള്ളില്‍ കയറിക്കൂടി
കൂട്ടം ചേര്‍ന്നു പോകണേ
സൂര്യനെ,ചന്ദ്രനെ
നക്ഷത്രങ്ങളെ
നനയാതെ
കാത്തുകൊള്ളണെ
**
മൂന്നാമത്തേത്,
പട്ടം പറത്തല്‍
നഗരത്തിലെ
വീടിന്റെ മട്ടുപ്പാവില്‍ നിന്ന്‌
ഞാന്‍ നോക്കിനില്‍ക്കെ
പറന്നുയരുന്ന പട്ടമേ
നിന്റെ പിന്നില്‍
അന്തമറ്റഴിയുന്ന ഒരു നൂലുണ്ട
മുറുകെപ്പിടിച്ചിരിക്കുന്ന
മെലിഞ്ഞ കൊച്ചുകൈകളുടെ
ഉടമയെ എനിക്കുകാണാം .

നാ‍ട്ടിന്‍ പുറത്തെ
കൊയ്തുകഴിഞ്ഞ പാടത്ത്
കാറ്റത്തു തുള്ളിനിന്ന്
അവന്‍ നിന്റെ നേര്‍ക്ക്
അഴിച്ചുവിടുന്ന നോട്ടത്തിന്റെ
നാട്ടുവെളിച്ചത്തിലല്ലേ
ഞാനും
ഈ മട്ടുപ്പാവും
വീടും നഗരം തന്നെയും
ഈ വൈകുന്നേരത്ത്
ഇങ്ങനെ നില്‍ക്കുന്നത്
**
നാലാമത്തേത്.
അടുക്കള
ഇരിപ്പുമുറി
കിടപ്പുമുറി
ഊണുമുറി
കുളിമുറി...
അടുക്കളമാത്രം
ഒരു മുറി അല്ലാത്ത
മുറികൂടാനാവാത്ത
മുഴുവന്‍ മുറിവ്.
**
അഞ്ചാമത്തേത്.
പ്രണയം
യുദ്ധം കഴിഞ്ഞ്
മനുഷ്യരും മരങ്ങളും
ജന്തുക്കളും മരിച്ചുപോയ
നഗരം

കേടുപറ്റാത്ത കെട്ടിടങ്ങളും
നടപ്പാതകളും
വഴിവിളക്കുകളും കൊണ്ട്

പരസ്യബോര്‍‌ഡുകളും
കല്‍‌പ്രതിമകളും
ട്രാഫിക് സിഗ്നലുകളും കൊണ്ട്

ഒരിക്കല്‍
ജീവന്‍ സഞ്ചരിച്ചിരുന്ന വഴികളെ
മാറ്റിവരച്ച്
എല്ലാം പഴയമട്ടിലാക്കുമെന്ന്
വ്യാമോഹിക്കുന്നു
പാ‍വം

(സമകാലീനകവിതയിലേക്ക് അഞ്ചു പരിശ്രമങ്ങൾ-അനിത തമ്പി )


5
വൃത്തം താളം പാരമ്പര്യം ചുള്ളിക്കാട് അലക്ക്


എന്റെയും അവളുടെയും ശവങ്ങള്‍
മണ്ണിലേക്ക് കമ്ഴ്ന്ന് കിടന്നു
ഇരുട്ടും ഇലകളും ഞങ്ങളെ മൂടി
ഞങ്ങള്‍ മണ്ണുതിന്നുകൊണ്ടിരുന്നു
വണ്ടുകള്‍ എന്റെ വൃഷണങ്ങള്‍ തുളച്ചു
എലികള്‍ എന്റെ വയറു തുരന്നു
ചെറുജീവികള്‍ എന്റെ മാംസം തിന്നു
ഞാന്‍ മണ്ണിലേക്ക് അമര്‍ന്നു
വിദൂരത്ത് മണ്ണിലാണ്ടു കിടന്ന അവളുടെ മുലകള്‍
പ്രാണികള്‍ കടിച്ചുപറിച്ചുകൊണ്ടിരുന്നു
അവളുടെ യോനിയിലെ മാംസം അഴുകിത്തീര്‍ന്ന്
എല്ലുകളെ വെളിവാക്കിക്കൊണ്ടിരുന്നു
അവളും മണ്ണിലേക്ക് അമര്‍ന്നു
ഞങ്ങള്‍ വെറും അസ്ഥികൂടങ്ങളായി
എങ്കിലും കമ്ഴ്ന്ന് കിടന്ന കിടപ്പില്‍
ഞങ്ങള്‍ മണ്ണു തിന്നുകൊണ്ടിരുന്നു
ഭൂമിയുടെ അടിയിലേക്ക്
ഞങ്ങള്‍ ഞങ്ങളെത്തന്നെ
അമര്‍ത്തിത്താഴ്ത്തിക്കൊണ്ടിരുന്നു
ഞങ്ങള്‍ താണുതാണുപോയി
വലിയ വിടവുകള്‍ കാണായി
ഞാന്‍ ഒരു ദിശയിലേക്ക് കിടന്ന് കിടപ്പില്‍
മണ്ണിനടിയില്‍ നീന്തിക്കൊണ്ടിരുന്നു
എന്റെ കൈകള്‍ അവളെ തിരയുകയായിരുന്നു
അവള്‍ മറ്റൊരു ദിശയില്‍ കിടന്ന കിടപ്പില്‍
മണ്ണിനടിയില്‍ നീന്തിക്കൊണ്ടിരുന്നു
അവളുടെ മാംസരഹിതമായ അസ്ഥിക്കൈകള്‍
എന്നെ തിരയുകയായിരുന്നു
ഞങ്ങള്‍ പരസ്പരം കണ്ടതേയില്ല
ഭൂമിയുടെ അകം മുഴുവന്‍ ഞങ്ങള്‍
പരസ്പരം തിരഞ്ഞുകൊണ്ടിരുന്നു

ജലം തിരഞ്ഞുവരുന്ന മരവേരുകളെക്കണ്ടു
പച്ചിലകളെ ഓര്‍മിച്ചു.
തണലുകളെ ഓര്‍മിച്ചു.
ഭൂമിക്കടിയിലെ ജലധമനികളും സിരകളും കണ്ടു
കിണറുകളെ ഓര്‍മിച്ചു
ദാഹങ്ങള്‍ കെടുത്തിയ കൈക്കുമ്പിള്‍ വെള്ളത്തെ ഓര്‍ത്തു
ഉരുകിക്കൊണ്ടിരിക്കുന്ന പാറകളെയും
രൂക്ഷഗന്ധികളായ ധാതുക്കളെയും നീന്തിക്കടന്നു
മണ്ണിട്ടുപോയ കെട്ടിടങ്ങളും വനങ്ങളും നൂറ്റാണ്ടുകളും നീന്തിക്കടന്നു
മറഞ്ഞുകിടക്കുന്ന അഗ്‌നിപര്‍വതങ്ങളും ലാവകളും കടന്നു
ഏതോ ഇരുട്ടിലേക്ക് പൊടുന്നനെ വീണുപോയി
ലോകത്തു മരിച്ചു മണ്ണടിഞ്ഞവരുടെ മുഴുവന്‍
അസ്ഥികൂടങ്ങളും അവിടെ ഒഴുകിനടക്കുന്നുണ്ടായിരുന്നു
മഹതികളും മഹാന്മാരും സുന്ദരികളും സുന്ദരന്മാരും
പക്ഷേ എല്ലാം വെളുവെളുത്ത അസ്ഥികൂടങ്ങള്‍
അവള്‍ ഇവിടെ ഉണ്ടാവും
ഞാന്‍ അവളെ തിരയുകയാണ്
അവള്‍ എന്നെ തിരയുകയാവും
ഞാന്‍ ഓരോരോ അസ്ഥികൂടത്തിന്റെയും
കൈകള്‍ കൂട്ടിപ്പിടിച്ചു
ഓരോ മനുഷ്യായുസ്സിന്റെയും കഥകള്‍
എന്നിലേക്ക് സംക്രമിച്ചു
ഒരു കൈയും അവളുടെതായിരുന്നില്ല
ഞാന്‍ പലരേയും ചുംബിച്ചു
ഭൂമിയിലെ എല്ലാ വേദനകളും ആനന്ദങ്ങളും
എന്നിലേക്ക് ഇറങ്ങിവന്നു
എങ്കിലും ഒരു ചുംബനവും അവളുടെതായിരുന്നില്ല
നിരര്‍ഥകപദങ്ങളുടെ ഒരു പാട്ട് ഇറങ്ങിവന്നു
അസ്ഥികൂടങ്ങള്‍ നൃത്തം ചെയ്യാന്‍ തുടങ്ങി
എവിടെ നിന്നോ മധുചഷകങ്ങള്‍ ഇറങ്ങിവന്നു
എല്ലാവരും മദ്യപിച്ചുകൊണ്ടിരുന്നു
എപ്പോഴോ ഞാന്‍ നൃത്തം ചെയ്ത് തളര്‍ന്നുവീണു
എന്റെ കൈകളില്‍ ആരോ വന്നുപിടിച്ചു.
ഒരു വൈദ്യുതിയുണ്ടായി
ഒരു വെളിച്ചമുണ്ടായി
അത് അവളായിരുന്നു
ഞങ്ങള്‍ വെറും വെളിച്ചമായി
ഭൂമിപിളര്‍ന്ന് ആകാശത്തേക്ക് തെറിച്ചു
അവളില്‍ നിന്ന് എന്നെയോ
എന്നില്‍ നിന്ന് അവളെയോ
ഇനി കണ്ടെടുക്കാനാവില്ല
വെളിച്ചം എല്ലാ കാഴ്ചകളും പൊട്ടിച്ച്
ഒഴുകിക്കൊണ്ടിരുന്നു.


(മണ്ണിന്നടിയിൽ ഞങ്ങൾ നീന്തിക്കൊണ്ടിരുന്നു-വിഷ്ണുപ്രസാദ് )


6
സച്ചിദാനന്ദൻ കെ.ജി.ശങ്കരപ്പിള്ള ഡി.വിനയചന്ദ്രൻ ഫാക്ടറി ഉല്പന്നങ്ങൾ


1. :-O
ഒരമേരിക്കക്കാരിയും
ഒരു കോട്ടയത്തുകാരനും   
ഒരുപോലെ, ഒരേ സമയം
അപ്പിയിടാന്‍ മുട്ടി ,
അരയ്ക്കു താഴേക്ക്‌ നഗ്നരാകുന്ന
ഒരു നിമിഷം , ഒരൊറ്റ നിമിഷം,
അവരുടെ അടി വസ്ത്രങ്ങള്‍  അവരെ മറന്ന്,
അവരുടെ ജനനേന്ദ്രിയങ്ങളെ   മറന്ന്,
ആകാശത്തേക്ക് പറന്ന് പറന്ന് പോകുന്നു..
അത്ഭുതമെന്ന്‌   പറയെട്ടെ..,
ആ നിമിഷം , ലോകത്തുള്ള
എല്ലാ മനുഷ്യരുടേയും അടി വസ്ത്രങ്ങള്‍
അവയെ അനുകരിച്ച്..,
അവയുടെ തോന്ന്യാസത്തെ ഉമ്മ വച്ച്..,
ആകാശത്തേക്ക് കുതിച്ചുയര്‍ന്ന്    ,
പാറിക്കളികുന്ന ഒരു പറ്റം
കൊടികളായി  മാറുന്നു.

2 . :-)
അവരുടെ ആകാശം  നിറഞ്ഞ്  
അവരുടെ അടി വസ്ത്രങ്ങള്‍..
ചുവപ്പ്, കറുപ്പ്, മഞ്ഞ, തവിട്ട്‌, പിങ്ക്,
ഓറഞ്ച് , മജന്ത , പച്ച ..
അങ്ങനെ നിറങ്ങളുടെ..  
പട്ടിണി കിടക്കുന്നവന്‍റെ..,
കഴിച്ചു കഴിച്ചു മടുക്കുന്നവന്‍റെ ..
ഗള്‍ഫില്‍ ജീവിക്കുന്നവന്‍റെ..,
എന്നും ഭാര്യയെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നവന്‍റെ.
പ്രേമിക്കുന്നവന്‍റെ..,
പ്രേമിക്കാത്തവന്‍റെ.. 
.................................
.................................
അവരുടെ ആകാശം,
അവരുടെ അടിവസ്ത്രങ്ങള്‍.

3. !
ഒരിക്കലും അടി വസ്ത്രങ്ങള്‍ ഇല്ലാഞ്ഞവര്‍ക്ക്
അവയെക്കുറിച്ചുളള ഓര്‍മ്മകള്‍ പോലും
ആ നിമിഷത്തില്‍
ആകാശത്ത് ,
പാറുന്ന പലതരം  നിറങ്ങളായി
മാറിയിരിക്കണം ..  

4 . ;-)
പെട്ടെന്ന് , വളരെ പെട്ടെന്ന് 
'ഒരു നിമിഷം' പെയ്തു പോയതിന്‍റെ 
ആകാശകാറ്റില്‍  ,
അടിവസ്ത്രങ്ങള്‍ക്ക്   അവരുടെ 
ഉടമസ്ഥരെ ഓര്‍മ  വരും ,
അനാഥ മാക്കിയ സ്വന്തം   ജനനേന്ദ്രിയങ്ങളെ  ഓര്‍മ  വരും..
അടുത്ത നിമിഷം, തൊട്ടടുത്ത നിമിഷം,
അടുത്ത ടിക് ശബ്ദം ഉണരും മുന്‍പ്,
അവരൊന്നിച്ച്   ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങി., 
ഉടലുകളിലൂടെ ഊയലാടി .,
അവരവരുടെ  മയിലാടുംകുന്നുകളോട്  
പറ്റിച്ചേര്‍ന്നിരിക്കും..

5 . :-(
പക്ഷെ  മയിലാടുംകുന്നുകളോ..
?
കഴിഞ്ഞു പോയ ആ നിറഞ്ഞ സ്വാതന്ത്രത്തിന്‍റെ  
കാറ്റുവെളിച്ചത്തില്‍..,
ഒരുത്തനും ചോദിക്കാനില്ലാഞ്ഞതിന്‍റെ  
ആത്മഹര്‍ഷത്തില്‍..,
ആ അസാധാരണ നിമിഷമോര്‍ത്ത്
നനഞ്ഞ്‌  നനഞ്ഞ്‌..,
എന്നുമെന്നും
പുളകം കൊണ്ടുകൊണ്ടുമിരിക്കും..
അവരുടെ മാത്രം ഭാഷയില്‍..
അവരുടെ മാത്രം ഒച്ചയില്‍..

(അവരുടെ ആകാശം / അവരുടെ അടിവസ്ത്രങ്ങള്‍...-സുബൽ‌.കെ.ആർ )



ആർക്കെങ്കിലും വേണോ വേണോ ?


.
.
സ്നേഹം
നസീർ കടിക്കാട്